തിരുവനന്തപുരം: ഓൾ സെയ്ന്റ്‌സ് കോളേജിന് പിന്നിൽ കിടന്നുറങ്ങുകയായിരുന്ന രണ്ടുവയസ്സുകാരിയെ തട്ടികൊണ്ടുപോയ കേസിലെ പ്രതി ഹസ്സൻകുട്ടി എന്ന കബീർ അപകടകാരിയായ കുറ്റവാളിയെന്ന് പോലീസ്. സ്ഥിരമായി ഒരിടത്ത് താമസിക്കാതെ നഗരത്തിലൂടെ ലക്ഷ്യബോധമില്ലാതെ കറങ്ങി നടന്ന് കുറ്റകൃത്യം ചെയ്യുന്നതാണ് ഇയാളുടെ രീതി. മോഷണക്കേസ് ഉൾപ്പടെ നിരവധി കേസുകളിലെ പ്രതിയാണിയാൾ.
തട്ടുകടയിലാണ് ജോലി ചെയ്ത് വരുന്നത്. രാത്രിയിൽ കിടന്നുറങ്ങുന്നത് റോഡരുകിലും ബീച്ചിലുമൊക്കെയാണ്. ഇയാൾ ഗുജറാത്തിലാണ് ജനിച്ചതെന്നും കുട്ടിയായിരുന്നപ്പോൾ ദത്തെടുത്ത് നാവായികുളത്ത് എത്തിയാണെന്നുമാണ് പോലീസിന് നൽകിയിരിക്കുന്ന മൊഴി. ഇക്കാര്യത്തിൽ കൂടുതൽ സ്ഥിരീകരണമില്ല.
പ്രതി കുട്ടിയെ തട്ടിയെടുത്ത് ഉപേക്ഷിച്ചതിന് ശേഷം തമ്പാനൂരിൽ നിന്നും ആലുവയിലേക്ക് പോയി. അവിടെനിന്നും പളനിയിൽ പോയി തലമൊട്ടയിക്കുകയായിരുന്നു. കുട്ടിയെ തട്ടികൊണ്ടുപോയ ദിവസം ധരിച്ചിരുന്ന അതേ വസ്ത്രങ്ങളാണ് പിടികൂടിപ്പോഴും പ്രതി ധരിച്ചിരുന്നത്.
പോലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ ഉപേക്ഷിച്ച തമ്പാനൂരിൽ ഒരാൾ മുഖം മൂടി റെയിൽവേ ട്രാക്കുവഴി പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇതിനെ പിന്തുടർന്നുള്ള അന്വേഷണമാണ് ഹസ്സൻകുട്ടിയിലേക്ക് എത്തിയത്.
ഇക്കഴിഞ്ഞ 18-ാം തീയതി രാത്രി 11ന് ശേഷം ഒരാൾ റെയിൽവേ ട്രാക്കിലൂടെ ആനയറ ഭാഗത്ത് തലയിൽ മുണ്ടിട്ട് നടന്നു പോകുന്ന ദൃശ്യങ്ങൾ കണ്ട് പോലിസിന് സംശയം തോന്നുകയായിരുന്നു. ഈ വഴി ദൃശ്യങ്ങൾ പരിശോധിച്ചു. ആനയറിയിലെത്തി ആൾ തലയിലെ തുണി മാറ്റിയെന്നും പിന്നീട് വെൺപാലവട്ടത്ത് എത്തിയെന്നും കണ്ടെത്താനായി.
ALSO READ- പുരയിടത്തിലെ ആനയെ തുരത്താൻ ശ്രമിച്ചു; അടിമാലിയിൽ കാട്ടാനയുടെ ചവിട്ടേറ്റ് വയോധിക മരിച്ചു
തുടർന്ന് പ്രതി ഒരു തട്ടുകടയ്ക്ക് സമീപം കിടന്നുറങ്ങി. രാവിലെ കെഎസ്ആർടിസി ബസ്സു കയറി തമ്പാനൂരിലെത്തി. തമ്പാനൂരിൽ നിന്നും മുഖം വ്യക്തമാകുന്ന പകൽ ദൃശ്യങ്ങൾ കിട്ടിയിരുന്നു. ഇതിൽ നിന്നാണ് ജയിൽ അധികൃതകർ ഇയാൾ പോക്‌സോ കേസിൽ ജനുവരി 12ന് പുറത്തിറങ്ങിയ ഹസ്സൻകുട്ടിയാണെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് പോലിസ് കുട്ടിയെ കാണതാകുന്ന ദിവസത്തെ ചാക്ക – എയർപോർട്ട് റോഡിലെ ദൃശ്യങ്ങൾ വിശദമായ പരിശോധിച്ചപ്പോൾ പേട്ടയിൽ ട്രെയിൽ ഇറങ്ങിയ ഹസ്സൻകുട്ടി നടന്നുവരുന്ന ദൃശ്യങ്ങളും കിട്ടി.
പിന്നീട് ഇയാൾ ഒരു ബൈക്കിന് പിന്നിൽ കയറി ചാക്കയിലിറങ്ങി. പോലീസ് ഈ ബൈക്കുകാരെനെ കണ്ടെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു. ബ്രമോസിൽ നിന്നുള്ള ദൃശ്യങ്ങളാണ് പിന്നീട് നിർണായകമായത്. ബ്രഹ്‌മോസിലെ ദൃശ്യങ്ങളിൽ ഹസ്സൻകുട്ടിയുണ്ട്. പക്ഷെ തൊട്ടടുത്ത ഓൾ സെയ്ന്റ്‌സ് കോളജിലെ സിസിടിവിൽ ഇയാളില്ല. ഇതോടെ സമീപത്തെ വിജനമായ സ്ഥലത്തേക്ക് ഇയാൾ തരിഞ്ഞുവെന്ന് വ്യക്തമാവുകയായിരുന്നു. ഹസ്സന്റെ സിം കാർഡ് പരിശോധിച്ചപ്പോഴും സംഭവം നടന്ന ദിവസം രാത്രിയിൽ ഇയാൾ ചാക്കയിൽ എത്തിയെന്ന് വ്യക്തമായതോടെ അറസ്റ്റിലേക്ക് നീങ്ങുകയായിരുന്നു. പോലീസിന് കേസിൽ തുമ്പ് നൽകിയത് നൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതാണ്.