ഒളിച്ചോടി മലപ്പുറത്തെത്തി; കാമുകനും പിതാവും ചേർന്ന് കുഞ്ഞിനെ കൊലപ്പെടുത്തി; കൂട്ടുനിന്ന് മാതാവ്; മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ചത് യുവതി; നാലുപേരും അറസ്റ്റിൽ

തിരൂർ: മലപ്പുറം തിരൂരിൽ പതിനൊന്നുമാസം പ്രായമുള്ള ആൺകുഞ്ഞിനെ കൊലപ്പെടുത്തി തൃശൂർ റെിൽവേസ്റ്റേഷന് സമീപത്തെ ഓടയിൽ തള്ളിയ കേസിൽ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കുഞ്ഞിന്റെ അമ്മ തമിഴ്നാട് നെയ് വേലി സ്വദേശി ശ്രീപ്രിയ(22) കാമുകൻ നെയ് വേലി സ്വദേശി ജയസൂര്യ(22) ഇയാളുടെ മാതാപിതാക്കളായ കുമാർ(46) ഉഷ(41) എന്നിവരുടെ അറസ്റ്റാണ് തിരൂർ പോലീസ് ഇൻസ്പെക്ടർ എംകെ രമേശ് രേഖപ്പെടുത്തിയത്.

ശ്രീപ്രിയയുടെ ആദ്യ വിവാഹത്തിലെ കുഞ്ഞിനെ ശ്രീപ്രിയയുടെ കാമുകനും ഇയാളുടെ പിതാവും ചേർന്നാണ് കൊലപ്പെടുത്തിയതെന്നും നാലാംപ്രതി ഉഷ ഇതിന് കൂട്ടുനിന്നെന്നുമാണ് പോലീസ് കണ്ടെത്തിയത്. പിന്നീട് കുഞ്ഞിന്റെ മൃതദേഹം അമ്മയായ ശ്രീപ്രിയയാണ് തൃശൂരിലെത്തി ബാഗിലാക്കി ഉപേക്ഷിച്ചതെന്നും പോലീസ് പറഞ്ഞു.

രണ്ടുമാസം മുൻപാണ് സംഭവം നടന്നത്. കഴിഞ്ഞദിവസമാണ് തിരൂരിൽ വെച്ച് നാടകീയ സംഭവങ്ങൾക്ക് ഒടുവിൽ ശ്രീപ്രിയ കൊലപാതകത്തെ കുറിച്ച് പോലീസിന് മൊഴി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയതും അറസ്റ്റിലേക്ക് കാര്യങ്ങൾ നീങ്ങിയതും. ശ്രീപ്രിയയുടെ മൊഴിയനുസരിച്ച് വെള്ളിയാഴ്ച വൈകീട്ട് ശ്രീപ്രിയയുമായി തൃശ്ശൂരിലെത്തിയ പോലീസ് സംഘം റെയിൽവേസ്റ്റേഷനിലെ നാലാം പ്ലാറ്റ്ഫോമിനോടുചേർന്ന ഓടയിൽനിന്ന് ബാഗിൽ ഉപേക്ഷിച്ചനിലയിൽ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

ALSO READ-‘ബോധപൂർവ്വം അതിജീവിതയ്ക്ക് മാനഹാനി ഉണ്ടാക്കുന്നതരത്തിൽ പ്രവർത്തിച്ചു’; സുരേഷ് ഗോപിക്ക് എതിരെ പോലീസ് കുറ്റപത്രം

കറുത്ത ബാഗിലാക്കി ഉപേക്ഷിച്ച മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു. സ്ഥലം കാണിച്ചുകൊടുത്തപ്പോഴും ഓടയിൽനിന്ന് പുറത്തെടുത്തപ്പോഴും ശ്രീപ്രിയയുടെ മുഖത്ത് യാതൊരു ഭാവവ്യത്യാസവുമുണ്ടായിരുന്നില്ല. മൂന്നുമാസം മുൻപാണ് ഭർത്താവിനെയും കുടുംബത്തെയും വിട്ട് കാമുകനൊപ്പം ഒളിച്ചോടിയതായിരുന്നു ശ്രീപ്രിയ.


തിരൂരിനടുത്ത് പുത്തനത്താണിയിലടക്കം താമസിച്ചുവരികയായിരുന്ന ശ്രീപ്രിയയെ തിരൂരിൽ വെച്ച് സഹോദരീഭർത്താവ് ചിലമ്പരശൻ യാദൃച്ഛികമായി കാണുകയായിരുന്നു. തുടർന്ന് കുഞ്ഞിനെ അന്വേഷിച്ചതോടെയാണ് കൊലപാതകം തെളിഞ്ഞത് വ്യക്തമായി ഉത്തരം നൽകാതെ ശ്രീപ്രിയ ഒഴിഞ്ഞുമാറിയതോടെ ചിലമ്പരശൻ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് പോലീസ് എത്തി അന്വേഷണം നടത്തിയത്.

നെയ്വേലി സ്വദേശി മണിബാലൻ ശ്രീപ്രിയയെ വിവാഹംചെയ്തത് രണ്ടുവർഷം മുൻപാണ്. അതിൽ ജനിച്ച ആൺ കുഞ്ഞാണിപ്പോൾ കൊലചെയ്യപ്പെട്ടിരിക്കുന്നത്.

Exit mobile version