കൊച്ചി: ലോകസമാധാനത്തിന്റെയും ഏക ലോകത്തിന്റെയും സന്ദേശവുമായി കാറിൽ ലോകയാത്ര തുടരുകയായിരുന്ന യാത്രികൻ ജയകുമാർ ദിനമണി (54)തായ്ലാൻഡിൽ വെച്ച് മരിച്ചു. തായ്ലാൻഡിൽ വെച്ച് പക്ഷാഘാതം സംഭവിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവൻരക്ഷിക്കാനായില്ല. മൃതദേഹം വെള്ളിയാഴ്ച വൈകീട്ട് കൊച്ചിയിലെത്തിക്കും. ജയകുമാറിന്റെ സംസ്കാരം ശനിയാഴ്ച നാലിന് പെരുമ്പാവൂർ മുടക്കുഴ പഞ്ചായത്ത് ഓഫീസിനടുത്ത് ശ്രീ വൈദ്യനാഥം രസശാല അങ്കണത്തിൽ നടക്കും.
കഴിഞ്ഞ ഏപ്രിലിലാണ് പെരുമ്പാവൂരിൽനിന്ന് ഡോ. അജിത, മകൾ ലക്ഷ്മിധൂത എന്നിവരോടൊപ്പം ജയകുമാർ കാറിൽ യാത്ര ആരംഭിച്ചത്. ഹൃദയത്തിന് തകരാർ, പ്രമേഹം, വലതു കൈക്ക് സ്വാധീനക്കുറവ് എന്നിവയുണ്ടെങ്കിലും ജയകുമാറായിരുന്നു വാഹനം ഓടിച്ചിരുന്നത്. നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, തായ്ലാൻഡ്, മ്യാൻമാർ, ലാവോസ്, കംബോഡിയ, ചൈന, മലേഷ്യ, വിയറ്റ്നാം, സിങ്കപ്പൂർ, ഇൻഡൊനീഷ്യ എന്നീ രാജ്യങ്ങൾ സന്ദർശിച്ചു. കഴിഞ്ഞ 26-ന് നാട്ടിലെത്താനിരിക്കുകയായിരുന്നു. ഇതിനിടെയാണ് 23-ന് മരണം സംഭവിച്ചത്.
2003ലാണ് ജയകുമാർ യാത്രകൾ ആരംഭിച്ചത്. തനിച്ച് ഇന്ത്യ, നേപ്പാൾ, മലേഷ്യ എന്നീ രാജ്യങ്ങളിലൂടെ 12 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചിരുന്നു. ലക്ഷ്മീധൂതയ്ക്കും അമ്മയ്ക്കും ചേർന്ന് ആറുലക്ഷം കിലോമീറ്ററും സഞ്ചരിച്ചിരുന്നു.
1999-ൽ നടന്ന വാഹനാപകടത്തെ തുടർന്ന് ദീർഘമായ ആശുപത്രിവാസവും കടുത്ത ആരോഗ്യപ്രശ്നങ്ങളും നേരിട്ടിരുന്നു എങ്കിലും യാത്രകൾ മുടക്കാൻ ജയകുമാർ തയ്യാറായിരുന്നില്ല. പിന്നീട് ശാരീരിക അവസ്ഥകളെ ആത്മവിശ്വാസമാക്കി 2003-ലാണ് യാത്രകൾ ആരംഭിച്ചത്. ഭാരതയാത്രകൾക്കു ശേഷം നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലും പോയി. കോവിഡ് കാലത്തിനു ശേഷം ഡോ. അജിതയ്ക്കും ലക്ഷ്മിധൂതയ്ക്കും ഒപ്പം നടത്തിയ 107 ദിവസത്തെ ഭാരതയാത്രയിൽ 30,000 കിലോമീറ്റർ താണ്ടിയിരുന്നു.
ALSO READ- കായികക്ഷമതയിൽ തോറ്റവരും എസ്ഐ ഷോർട്ലിസ്റ്റിൽ; പരാതി ഉയർന്നതോടെ പിൻവലിച്ച് പിഎസ്സി
ചേർത്തല വയലാർ പത്മവിലാസത്തിൽ പരേതനായ ദിനമണിയുടെയും സുധിയമ്മയുടെയും മകനാണ് ജയകുമാർ. ജയ സജിയാണ് സഹോദരി. കുറെക്കാലമായി തിരുവാണിയൂർ ഗ്രീൻ ഹൗസിലായിരുന്നു താമസം.
Discussion about this post