കായികക്ഷമതയിൽ തോറ്റവരും എസ്‌ഐ ഷോർട്‌ലിസ്റ്റിൽ; പരാതി ഉയർന്നതോടെ പിൻവലിച്ച് പിഎസ്‌സി

കോഴിക്കോട്: സംസ്ഥാന പോലീസ് സേനയിലേക്കുള്ള എസ്‌ഐ നിയമനത്തിനുള്ള കായികക്ഷമതാ പരീക്ഷയിൽ പങ്കെടുക്കാത്തവരെയും തോറ്റവരെയും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച പിഎസ്സിയുടെ ഷോർട്ലിസ്റ്റ് പിൻവലിച്ചു. ഫെബ്രുവരി 26,27 തീയതികളിൽ പ്രസിദ്ധീകരിച്ച പട്ടികയിൽ ഉദ്യോഗാർഥികൾ സംശയമുന്നയിച്ചതിനു പിന്നാലെ 28ന് ലിസ്റ്റ് പിൻവലിക്കുകയായിരുന്നു. സാങ്കോതിക പിഴവാണ് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ കാരണമെന്നാണ് പിഎസ്‌സിയുടെ വിശദീകരണം.

സബ് ഇൻസ്‌പെക്ടർ (ഓപ്പൺ / മിനിസ്റ്റീരിയൽ / കോൺസ്റ്റാബുലറി), ആംഡ് പൊലീസ് സബ് ഇൻസ്‌പെക്ടർ (ഓപ്പൺ / കോൺസ്റ്റാബുലറി) എന്നിങ്ങനെ 5 വിഭാഗങ്ങളിലേക്കായി നിയമനത്തിനുള്ള പ്രിലിമിനറി, മെയിൻ എഴുത്തുപരീക്ഷകൾ ജയിച്ചവരുടെ കായികക്ഷമതാപരീക്ഷയാണ് വിവാദത്തിലായത്. ഈ പരീക്ഷയ്ക്ക് പിന്നാലെ ഇന്റർവ്യൂവിനായി പ്രസിദ്ധീകരിച്ച ഷോർട്ട്‌ലിസ്റ്റിലാണു വൻതോതിൽ അനർഹരും ഉൾപ്പെട്ടത്.

ഏറ്റവും അവസാനഘട്ടമായ ഇന്റർവ്യൂ നടത്തിയാണു നിയമനം നടത്തുന്നത്. ആംഡ് പോലീസ് സബ് ഇൻസ്‌പെക്ടർ വിഭാഗത്തിൽ കായികപരീക്ഷാ ഘട്ടത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ട 928 പേരിൽ 726 പേരും (78%) പരീക്ഷ പാസായിരുന്നു. ഇതോടെയാണ് ഉദ്യോഗാർഥികൾ സംശയം ഉന്നയിച്ചത്.

സാധാരണഗതിയിൽ ഈ കടുത്തപരീക്ഷയെ പകുതിപേർ പോലും മറികടക്കാറില്ല. കായികപരീക്ഷയിൽ പങ്കെടുക്കാതിരുന്ന ഒട്ടേറെപ്പേർ ഷോർട്ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു വിശദ പരിശോധനയിൽ വ്യക്തമായതോടെ ലിസ്റ്റ് പിൻവലിക്കുകയായിരുന്നു.

ALSO READ-ബിജെപി സിലിണ്ടർ വില 2000 രൂപയാക്കും; വീണ്ടും ഭരണത്തിൽ വന്നാൽ വിറകടുപ്പിലേക്ക് മാറേണ്ടി വരും: മമത ബാനർജി

രണ്ടു വിഭാഗങ്ങളിലെ നിയമനത്തിന് അപേക്ഷിച്ച ഉദ്യോഗാർഥികൾ എഴുത്തുപരീക്ഷ പാസായാൽ രണ്ടു ലിസ്റ്റിലും ഉൾപ്പെടും. എന്നാൽ, ചിലർ രണ്ടു പട്ടികയിലും വരുന്നതിനു പകരം ഒരു പട്ടികയിൽ മാത്രമേ ഉൾപ്പെട്ടിട്ടുള്ളൂ. ഇതോടെയാണ് ലിസ്റ്റിലെ പിഴവ് വ്യക്തമായത്. ഉദ്യോഗാർഥികൾ പരാതി നൽകിയതിനു പിന്നാലെയാണ് പിഎസ്സി പട്ടിക പിൻവലിച്ചത്.


ക്ലറിക്കൽ പിഴവ് പട്ടിക അപ്‌ലോഡ് ചെയ്തപ്പോൾ സംഭവിച്ച ക്ലറിക്കൽ പിഴവാണ്. മനസ്സിലായ ഉടൻ പിൻവലിച്ചു. തിരുത്തിയതിനു ശേഷം പുനഃപ്രസിദ്ധീകരിക്കുമെന്നാണ് പിഎസ്‌സിയുടെ വിശദീകരണം

Exit mobile version