രണ്ട് രാജ്യസഭാ സീറ്റുകൾ; ലോക്‌സഭയിൽ മൂന്നാം സീറ്റും; മുസ്ലിം ലീഗ് ആധിപത്യത്തിൽ പുകഞ്ഞ് യുഡിഎഫ്; കോട്ടയത്തടക്കം തിരിച്ചടിയാകും

കോട്ടയം: യുഡിഎഫിലെ മുസ്ലിം ലീഗിന്റെ ആധിപത്യം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് സൂചന. കോട്ടയം ഉൾപ്പടെയുള്ള മധ്യ കേരളത്തിൽ യുഡിഎഫിനുള്ളിലെ ഒരു വിഭാഗത്തിന്റെ ആധിപത്യം വലിയ രീതിയിൽ ചർച്ചയാവുകയാണ്. യുഡിഎഫിലെ സാമുദായിക സന്തുലിതാവസ്ഥയെ തകർക്കുന്നതാണ് മുസ്ലിം ലീഗിന് നൽകിയ രണ്ടാം രാജ്യസഭാ സീറ്റെന്നാണ് പൊതുവെ ഉയരുന്ന ചർച്ച. ഇക്കാര്യം കോട്ടയം ഉൾപ്പെടെയുള്ള മധ്യ കേരളത്തിലെ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് ആശങ്ക മുന്നണിയിൽ ഉയർന്നു കഴിഞ്ഞു.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ അഞ്ചാം മന്ത്രി വിവാദം പിന്നീടൊരു തിരിച്ചുവരവ് പോലും അസാധ്യമാക്കും വിധം മുന്നണിയുടെ സാമുദായിക സന്തുലിതാവസ്ഥയെ തകിടം മറിച്ചിരുന്നു. വീണ്ടും അതേ സാഹചര്യത്തിലേക്ക് മുന്നണിയെ തള്ളിവിടുന്നതാണ് ലീഗിന്റെ മൂന്നാം സീറ്റ് വിവാദം.

അന്നത്തേതിനു സമാനമായ നിലയിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ മൂന്നാം സീറ്റ് വിവാദവും ഒടുവിൽ രണ്ടാം രാജ്യസഭാ സീറ്റ് അനുവദിക്കലും ഉണ്ടായിരിക്കുന്നത്. ഇതേതുടർന്ന് കോൺഗ്രസിനുള്ളിൽ പോലും കടുത്ത അമർഷമാണ് ഉണ്ടായിരിക്കുന്നത്. പരമ്പരാഗതമായി യുഡിഎഫിനെ തുണയ്ക്കുന്ന ക്രൈസ്തവ, ഹൈന്ദവ വിഭാഗങ്ങൾക്കിടയിൽ കോൺഗ്രസിനെതിരെ ശക്തമായ എതിർ വികാരമാണ് ഉണ്ടായിരിക്കുന്നത്.

ALSO READ- നരേന്ദ്ര മോഡി കേരളത്തിൽ സ്ഥിര താമസം ആക്കിയാലും ബിജെപി അക്കൗണ്ട് തുറക്കില്ല: എംവി ഗോവിന്ദൻ

ക്രൈസ്തവ വിഭാഗങ്ങൾ യുഡിഎഫിന്റെ വോട്ടു ബാങ്കുകളെ സ്വാധീനിക്കുന്ന കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ മണ്ഡലങ്ങളിൽ ഇത് മുന്നണിയുടെ ജയസാധ്യതകളെ പോലും സാരമായി ബാധിക്കുമെന്ന ആശങ്കയുണ്ട്. മുതിർന്ന കോൺഗ്രസ് നേതാക്കൾ പോലും ഈ ആശങ്ക പങ്കുവയ്ക്കുകയാണ്.

മുസ്ലിം ലീഗിന് രണ്ടാം രാജ്യസഭാ സീറ്റ് അനുവദിച്ചതോടെ രാജ്യസഭയിൽ യുഡിഎഫിന്റെ ആകെയുള്ള മൂന്ന് അംഗങ്ങളും ഒരേ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ളവരായി മാറും. മാത്രമല്ല, യുഡിഎഫിന് രാജ്യസഭയിൽ കോൺഗ്രസ് – 1, മുസ്ലിം ലീഗ് – 2 എന്ന രീതിയിലാകും കക്ഷിനില.

ലോക്‌സഭയിലേക്ക് കാലങ്ങളായി മുസ്ലിം ലീഗ് 2 സീറ്റുകളിലാണ് മൽസരിക്കുന്നത്. ഇത്തവണ മാത്രം അത് മൂന്നാകണമെന്ന ആവശ്യം ലീഗ് ഉന്നയിച്ചത് കോൺഗ്രസും യുഡിഎഫും ദുർബലമായിരിക്കുന്ന സാഹചര്യത്തിലാണ്. കേന്ദ്രത്തിൽ കോൺഗ്രസ് എംപിമാരുടെ എണ്ണത്തിലുള്ള ഗണ്യമായ കുറവ് പരിഹരിക്കാൻ പാർട്ടി പ്രയത്‌നിക്കുന്നതിനിടയിലാണ് ലീഗിന്റെ വകയുള്ള പ്രഹരം.

യുഡിഎഫും എൽഡിഎഫും തമ്മിൽ കടുത്ത മൽസരം നടക്കുന്ന മധ്യകേരളത്തിലെ പ്രധാന മണ്ഡലങ്ങളായ കോട്ടയത്തും പത്തനംതിട്ടയിലും യുഡിഎഫ് സാധ്യതകളെ സാരമായി ബാധിക്കുന്നതാണ് ഇത്. എറണാകുളത്തും ഇടുക്കിയിലും ഇത് യുഡിഎഫ് വോട്ട് വിഹിതത്തെ ബാധിക്കുമെങ്കിലും സ്വതവേ മുൻതൂക്കം ഉള്ളതിനാൽ അത് ജയസാധ്യതയെ ബാധിച്ചേക്കില്ല. ഇടുക്കിയിലും ഇതുതന്നെയാണ് സാഹചര്യം.

Exit mobile version