കൊച്ചി: സെലിബ്രിറ്റികളുടെ കമന്റ് വാങ്ങിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ പുതിയ ട്രെന്‍ഡായിരിക്കുകയാണ്. ഇപ്പോഴിതാ ‘നടന്‍ ജയസൂര്യ പിറന്നാള്‍ ആശംസ നേര്‍ന്നാലേ ഈ കേക്ക് മുറിക്കൂ’ എന്ന വീഡിയോ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുടുംബത്തിന് സര്‍പ്രൈസുമായി എത്തിയിരിക്കുകയാണ് താരം. അനാന്‍ എന്ന കുട്ടിക്ക് പിറന്നാള്‍ ആശംസ പങ്കുവച്ചുകൊണ്ട് നിഷാദ് എന്നയാള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച റീല്‍ വീഡിയോയിലാണ് മധുരകരമായ കമന്റുമായി ജയസൂര്യ എത്തിയത്.
‘ഹാപ്പി ബര്‍ത് ഡേ അനാന്‍’ എന്നെഴുതിയ കേക്ക് മുറിക്കാതെ എല്ലാവരും ജയസൂര്യയെ കാത്തിരിക്കുന്നതാണ് വീഡിയോയില്‍ കാണാനാകുന്നത്. ജയസൂര്യ തന്നെ പാടിയ പുണ്യാളന്‍ അഗര്‍ബത്തീസിലെ ‘ആശിച്ചവന് ആകാശത്തിന്നൊരു’ എന്ന, എന്ന പാട്ടിനൊപ്പമാണ് കുട്ടിയുടെ വീഡിയോ പങ്കുവച്ചത്. കുട്ടികളും മുതിര്‍ന്നവരും അടക്കം ജയസൂര്യ വരുന്നതും കാത്ത് താടിക്ക് കൈകൊടുത്ത് ദുഃഖ ഭാവത്തില്‍ ഇരിക്കുന്ന രസിപ്പിക്കുന്ന വീഡിയോയ്ക്ക് ഒടുവില്‍ ജയസൂര്യ കമന്റ് ചെയ്തു.
മൂന്നു ദിവസം കഴിഞ്ഞാണ് ഈ വീഡിയോ ആകസ്മികമായി താരം കാണാന്‍ ഇടയായത്. അതുകൊണ്ടുതന്നെ രസകരമായിരുന്നു അദ്ദേഹത്തിന്റെ കമന്റും. ”എന്തായി കേക്ക് കട്ട് ചെയ്‌തോ? ഇപ്പൊ ദിവസം മൂന്നുനാല് ആയില്ലേ, ആ കേക്ക് ഇപ്പൊ എന്തായി കാണുവോ ആവോ. പുതിയ കേക്ക് വാങ്ങി മുറിക്കണം കേട്ടോ. അനാന്‍ മോന് പിറന്നാള്‍ ആശംസകള്‍”. ഇതായിരുന്നു ജയസൂര്യയുടെ കമന്റ്.
”ഞങ്ങളുടെ ജയേട്ടന്‍ വന്നേ, ഇനി കേക്ക് മുറിക്കാം” എന്ന് വീഡിയോ പങ്കുവച്ച നിഷാദ് മറുപടിയായി പറഞ്ഞു. ”ഞങ്ങളുടെ ജയേട്ടന്‍ വന്നേ, ആശിച്ചവന് ആകാശവും കൂടെ പോരും എന്ന് മനസ്സിലായില്ലേ” എന്നും ആരാധകര്‍ കമന്റ് ചെയ്യുന്നു.
Discussion about this post