ഹര്‍ത്താലുകളും പണിമുടക്കുകളും ഒരു മണിക്കൂറായി ചുരുക്കണം: മുഖ്യമന്ത്രിക്ക് കത്തു നല്‍കാനൊരുങ്ങി കോണ്‍ട്രാക്‌റ്റേഴ്‌സ് അസോസിയേഷന്‍

അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകളും പണിമുടക്കുകളും നിര്‍മ്മാണ മേഖലയ്ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്

ഹര്‍ത്താലുകളും പണിമുടക്കുകളും പരമാവധി ഒരു മണിക്കൂറായി ചുരുക്കണമെന്ന് കേരളാ ഗവണ്‍മെന്റ് കോണ്‍ട്രാക്‌റ്റേഴ്‌സ് അസോസിയേഷന്‍. വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഹര്‍ത്താലിന്റെയും പണിമുടക്കിന്റെയും സമയം കുറക്കണമെന്നാവശ്യവുമായി ഇവര്‍ രംഗത്തെത്തിയത്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയ്ക്കും പ്രതിപക്ഷ നേതാവിനും ട്രേഡ് യൂണിയനുകള്‍ക്കും കത്ത് നല്‍കുമെന്ന് സംഘടന ഭാരവാഹികള്‍ അറിയിച്ചു.

അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകളും പണിമുടക്കുകളും നിര്‍മ്മാണ മേഖലയ്ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. ഇത് തുടര്‍ന്നാല്‍ മേഖല വലിയ പ്രതിസന്ധിയിലേക്ക് പോകുമെന്നാണ് ഗവണ്‍മെന്റ കോണ്‍ട്രാക്ടേഴ്‌സ് പറയുന്നത്. യന്ത്രങ്ങളുടെ വാടക, സ്ഥിരം തൊഴിലാളികളുടെ വേതനം എന്നീ നഷ്ടങ്ങള്‍ക്ക് പുറമെ, പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാന്‍ സമയം നീട്ടി ലഭിക്കുന്നതിന് പിഴയും അടക്കേണ്ടി വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഹര്‍ത്താലുകളുടെയും പണിമുടക്കിന്റെയും സമയം ഒരു മണിക്കുറായി നിജപ്പെടുത്തണമെന്ന ആവശ്യം ഇവര്‍ മുന്നോട്ടു വെയ്ക്കുന്നത്.

പ്രളയത്തില്‍ നിര്‍മ്മാണ മേഖലയ്ക്കുണ്ടായ നഷ്ടം ജി.എസ്.ടിക്കൊപ്പം സെസ്സ് നടപ്പാക്കിയതു മൂലമുള്ള അധിക നികുതി ബാധ്യത എന്നിവയും സര്‍ക്കാര്‍ കരാറുകാരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഈ മാസം 16ന് തിരുവനന്തപുരത്ത് യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കാനാണ് സംഘടനയുടെ തീരുമാനം.

Exit mobile version