തൃശ്ശൂര്‍: കരുവന്നൂര്‍ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടി വീണ്ടും ആത്മഹത്യാ ശ്രമം. ഇന്ന് രാവിലെ 7 മണിയോടെ പല്ലിശ്ശേരിയില്‍ താമസിക്കുന്ന കാസര്‍കോട് സ്വദേശി വാഴപ്പിള്ളി രാജേഷ് (51) ആണ് പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയത്. പുഴയില്‍ ഒഴുകിയെത്തിയ പുല്ലില്‍ പിടുത്തം കിട്ടിയതിനാല്‍ ഇയാള്‍ രക്ഷപ്പെട്ടു. നാട്ടുകാര്‍ ബോട്ടിറക്കി വലിച്ചു കരയ്ക്കു കയറ്റി. പിന്നീട് ഫയര്‍ ഫോഴ്‌സ് എത്തി ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. കരുവന്നൂര്‍ പാലം തുടര്‍ച്ചയായി ആത്മഹത്യാ മുനമ്പാകുന്നതില്‍ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്. കഴിഞ്ഞയാഴ്ചയും 50 കാരി പാലത്തില്‍ നിന്ന് ചാടി മരിച്ചിരുന്നു.
കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് രാജേഷ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം. രാവിലെ കരുവന്നൂര്‍ പാലത്തിനടുത്ത് എത്തിയ ഇയാള്‍ പാലത്തിന് മുകളില്‍ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്നയാളാണ് രാജേഷ്. പാലത്തിന്റെ പില്ലറില്‍ പോളയും പുല്ലും ഒഴുകിയെത്തി കിടക്കുന്നുണ്ടായിരുന്നു. ഇതില്‍ പിടിച്ച് വെള്ളത്തിന് മുകളില്‍ തലപൊങ്ങിക്കിടന്ന രാജേഷിനെ നാട്ടുകാര്‍ കണ്ടതോടെയാണ് രക്ഷയായത്. റഷീദ് എന്ന നാട്ടുകാരന്‍ ഇയാളുടെ ബോട്ട് ഇറക്കി രാജേഷിനെ കരയ്ക്ക് കയറ്റുകയായിരുന്നു.
കരുവന്നൂര്‍ പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയുള്ള ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പാലത്തിന് മുകളില്‍ വയര്‍ ഫെന്‍സിങ്ങ് സ്ഥാപിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രിയും ഇരിങ്ങാലക്കുട എം. എല്‍. എ യുമായ ഡോ. ആര്‍ ബിന്ദു അറിയിച്ചു. കരുവന്നൂര്‍ പാലത്തിനെ ഒരു ആത്മഹത്യാമുനമ്പാക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. പാലത്തിന്റെ അരികുവശങ്ങളില്‍ വയര്‍ ഫെന്‍സിങ്ങ് സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും ആത്മഹത്യകള്‍ കൂടിവരുന്നതില്‍ പ്രദേശവാസികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് കൂടി പരിഗണിച്ചാണ് അടിയന്തിരമായി നടപടി സ്വീകരിക്കുന്നതെന്നും മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു.
കരുവന്നൂര്‍ പാലത്തില്‍ വീണ്ടും ആത്മഹത്യാശ്രമം: യുവാവിന് രക്ഷയായി പോളയും പുല്ലും