കലവൂർ: ആലപ്പുഴയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യചെയ്ത സംഭവത്തിൽ കുട്ടി പഠിച്ചിരുന്ന സ്‌കൂളിലെ രണ്ട് അധ്യാപകർക്കെതിരേ കേസ്. കാട്ടൂർ ഹോളിഫാമിലി വിസിറ്റേഷൻ പബ്ലിക് സ്‌കൂളിലെ പ്രജിത്ത് മരിച്ച സംഭവത്തിലാണ് കായികാധ്യാപകൻ ക്രിസ്തുദാസ്, അധ്യാപിക രമ്യ എന്നിവർക്കെതിരെ മണ്ണഞ്ചേരി പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസം തന്നെ അധ്യാപകരെ സ്‌കൂൾ മാനേജ്മെന്റ് സസ്പെൻഡുചെയ്തിരുന്നു.
പോലീസ് അധ്യാപകർക്കെതിരെ കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെ സ്‌കൂളിലേക്ക് മാർച്ച് നടത്തുമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇതോടെയാണ് അധ്യാപകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നിലവിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും വടികൊണ്ടു തല്ലിയതിനുമാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ, ആത്മഹത്യാപ്രേരണക്കുറ്റംചുമത്തി കേസെടുക്കണമെന്നാണ് മാതാപിതാക്കളും ആക്ഷൻ കൗൺസിലും ആവശ്യപ്പെട്ടിരുന്നത്. അന്വേഷണപുരോഗതിയുടെ അടിസ്ഥാനത്തിൽ മാത്രമേ മറ്റു വകുപ്പുകൾ ചുമത്തുന്നതിനെക്കുറിച്ച് ആലോചിക്കൂവെന്നാണ് പോലീസിന്റെ നിലപാട്.
ഫെബ്രുവരി 15-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വൈകുന്നേരം സ്‌കൂൾവിട്ടുവന്ന കലവൂർ അഴിക്കകത്തുവീട്ടിൽ മനോജിന്റെ മകൻ പ്രജിത്ത് സ്‌കൂൾ യൂണിഫോമിൽ വീടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു. സഹോദരൻ പ്രണവ് സ്‌കൂളിൽ നിന്നും വന്നപ്പോഴാണ് ഹാളിൽ തൂങ്ങിയ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടത്.
അന്നേദിവസം പ്രജിത്തിനെയും കൂട്ടുകാരൻ വിജയിയെയും അവസാന പിരിയഡ് സമയത്ത് ക്ലാസിൽ കാണാത്തതിനെ തുടർന്ന് അധ്യാപിക വഴക്കുപറയുകയും കായികാധ്യാപകൻ ജനലിൽ കൈപിടിച്ച് നിർത്തി മറ്റ് കുട്ടികളുടെ മുന്നിൽവെച്ച് വടികൊണ്ടുതല്ലുകയും ചെയ്തതിൽ മനംനൊന്താണ് മകൻ ആത്മഹത്യചെയ്തതെന്ന് മനോജ് പോലീസിനു മൊഴിനൽകി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളത്.
അധ്യാപകർക്കെതിരേ നടപടിയെടുക്കാത്തതിന് കഴിഞ്ഞദിവസങ്ങളിൽ പൊതുജനങ്ങളുടെ നേതൃത്വത്തിൽ സ്‌കൂളിലേക്കു മാർച്ച് നടത്തിയിരുന്നു.