പത്തനംതിട്ട: വൈദ്യുതി ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ അഗ്നിരക്ഷാ സേന താഴെ ഇറക്കി. ഇന്നലെ രാത്രി തുടങ്ങിയ ദൗത്യം പുലര്‍ച്ചെയാണ് അവസാനിച്ചത്. യുവാവിന്റെ പരാക്രമം കാരണം പ്രദേശത്ത് മൂന്ന് മണിക്കൂറോളം വൈദ്യുതിയും തടസ്സപ്പെട്ടു.
സംഭവം ഇങ്ങനെ…
ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. പറക്കോട് സ്വദേശി രതീഷ് കുമാര്‍ പെട്രോളുമായി 110 കെവിയുടെ വൈദ്യുതി ടവറില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. താന്‍ സ്നേഹിക്കുന്ന പെണ്‍കുട്ടിയെ സ്ഥലത്ത് എത്തിച്ചാല്‍ മാത്രമെ താഴെ ഇറങ്ങൂ എന്നായിരുന്നു രതീഷിന്റെ പിടിവാശി.
നാട്ടുകാരും പോലീസും ഇതോടെ പെട്ടുപോയി. അപകടം ഒഴിവാക്കാന്‍ വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. ഇതോടെ മിക്ക പ്രദേശങ്ങളും ഇരുട്ടിലായി. ഫയര്‍ഫോഴ്സെത്തി മണിക്കൂറുകള്‍ പരിശ്രമിച്ചിട്ടും യുവാവ് വഴങ്ങിയില്ല.
അതേസമയം വിവാഹിതനാണ് രതീഷ്. ഒടുവില്‍ പോലീസ് ഭാര്യയെയും കാമുകിയെയും സ്ഥലത്ത് എത്തിച്ചു. എന്നാല്‍ കാമുകി നിര്‍ബന്ധിച്ച ശേഷമാണ് രതീഷ് താഴെ ഇറങ്ങിയത്. ഫയര്‍ ഫോഴ്സിന്റെയും പോലീസിന്റെയും ദൗത്യം കഴിഞ്ഞപ്പോഴേക്കും സമയം രാത്രി ആയി.
അതേസമയം, പൊതുമുതല്‍ നശിപ്പിച്ചു എന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തി രതീഷിനെതിരെ അടൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
Discussion about this post