തിരുവനന്തപുരം: വീട്ടില്‍ പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരണപ്പെട്ട കേസില്‍ നയാസിന്റെ ആദ്യഭാര്യ രണ്ടാം പ്രതി. ഗര്‍ഭസ്ഥ ശിശു മരിക്കാനിടയായ സാഹചര്യം, മനപൂര്‍വമല്ലാത്ത നരഹത്യ എന്നീ വകുപ്പുകളും ചുമത്തി. സംഭവത്തില്‍ അക്യുപംക്ചര്‍ ചികിത്സകനായ ശിഹാബുദ്ദീന്‍ പറഞ്ഞിട്ടാണ് ഭാര്യ ഷമീറ ബീവിയെ ആശുപത്രിയിലേക്കു മാറ്റാതിരുന്നതെന്ന് നയാസ് പോലീസില്‍ മൊഴിനല്‍കിയിട്ടുണ്ട്.
പാലക്കാട് സ്വദേശിയായ വീട്ടമ്മ ഷമീറ ബീവി(36) കഴിഞ്ഞ ദിവസമാണ് അമിത രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചത്. നവജാത ശിശുവും മരിച്ചിരുന്നു. ഇതിനു പിന്നാലെ, ഷമീറയ്ക്ക് ആധുനിക ചികിത്സ ലഭ്യമാക്കാതിരുന്ന ഭര്‍ത്താവ് പൂന്തുറ സ്വദേശി നയാസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷമീറയ്ക്ക് അക്യുപംക്ചര്‍ ചികിത്സയാണ് നല്‍കിയതെന്ന ഭര്‍ത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍, ബീമാപള്ളിയില്‍ ക്ലിനിക് നടത്തുന്ന വെഞ്ഞാറമൂട് സ്വദേശി ശിഹാബുദ്ദീനെ പോലീസ് കസ്റ്റഡിയിലെടുത്തു.