കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ ക്ഷേത്രമുറ്റത്ത് വെച്ച് വെട്ടേറ്റ് കൊല്ലപ്പെട്ട സിപിഎം ലോക്കൽ സെക്രട്ടറി പി വി സത്യനാഥന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. സത്യനാഥന്റെ ശരീരത്തിൽ ആഴത്തിലുള്ള ആറ് മുറിവുകളുണ്ടെന്നാണ് റിപ്പോർട്ട്. കഴുത്തിലും നെഞ്ചിലും ഏറ്റ ആഴത്തിലുള്ള ആറ് മുറിവുകളാണ് മരണകാരണമായതെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ നടന്ന പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി. കൊലപാതകത്തിന് കാരണം സത്യനാഥനും പ്രതി അഭിലാഷും തമ്മിലുള്ള വ്യക്തിവിരോധമാണെന്നാണ് പോലീസിന് ലഭിച്ച സൂചന.
കൊലനടത്തിയ അഭിലാഷ് ആറ് വർഷം മുൻപ് സിപിഎം പാർട്ടി പ്രവർത്തകനായിരുന്നു. പിന്നീട് ക്രിമിനൽ വാസന കാരണം പുറത്താക്കിയതെന്നാണ് പാർട്ടി നേതൃത്വം പറയുന്നത്. അതേസമയം, സത്യനാഥന്റെ ജീവനെടുക്കാൻ മാത്രം വ്യക്തി വൈരാഗ്യം ഒന്നും ഉണ്ടായിരുന്നില്ലെന്നും കൊലപാതകത്തിന് കാരണമെന്താണ് എന്ന് അന്വേഷിക്കുകയാണെന്നും മുതിർന്ന നേതാവ് ഇപി ജയരാജനും പി മോഹനനും അടക്കമുള്ളവർ പറയുന്നു. ലഹരി മരുന്ന് ഉൾപ്പെടെയുള്ള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ നിലപാട് സ്വീകരിച്ചതിലുള്ള വൈരാഗ്യമാകാം കൊലപാതകത്തിന് കാരണമെന്നും പാർട്ടി കരുതുന്നു.
വ്യാഴാഴ്ച രാത്രി 10 മണിയോടെ ചെറിയപ്പുറം പരദേവതാ ക്ഷേത്ര മുറ്റത്ത് ഉത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗാനമേളയ്ക്കിടെയായിരുന്നു അരുംകൊല നടന്നത്. നൂറുകണക്കിന് ആളുകൾ ക്ഷേത്ര പരിസരത്ത് തിങ്ങിനിറഞ്ഞു നിൽക്കവെയായിരുന്നു ക്ഷേത്ര ഓഫീസിന് മുന്നിൽ സിസിടിവി ക്യാമറകൾക്ക് തൊട്ടു താഴെ വച്ച് സത്യനാഥനെ അഭിലാഷ് മഴുകൊണ്ട് വെട്ടിവീഴ്ത്തിയത്.
സത്യനാഥന്റെ അയൽവാസി കൂടിയാണ് അഭിലാഷ്. ആക്രമണം നടന്ന ഉടനെ തന്നെ സത്യനാഥനെ ഉടനടി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം എന്തെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. നിലവിൽ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന വാഹനത്തിലെ ഡ്രൈവറായ അഭിലാഷ് സർജിക്കൽ ബ്ലേഡ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് സൂചനകൾ. സംഭവ ശേഷം ക്ഷേത്ര പരിസരത്തുനിന്ന് രക്ഷപ്പെട്ട അഭിലാഷ് കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. കൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഎം കൊയിലാണ്ടി താലൂക്കിൽ ഹർത്താൽ ആചരിക്കുകയാണ്.