നന്മയുടെ നിറകുടമായി ഇതരസംസ്ഥാന തൊഴിലാളികള്‍! ദേശീയപണിമുടക്ക് ദിവസം രാത്രിയില്‍ നാടോടികള്‍ക്ക് ഭക്ഷണം വിതരണം ചെയ്ത് ബംഗാള്‍ സ്വദേശികള്‍

കണ്ണൂരിലെ പാനൂര്‍ ടൗണില്‍ രാത്രി ഒമ്പതോടെ ബംഗാള്‍ സ്വദേശികളായ യുവാക്കളാണ് ഭക്ഷണം വിതരണം ചെയ്തത്.

പാനൂര്‍(കണ്ണൂര്‍): 48 മണിക്കൂര്‍ ദേശീയ പണിമുടക്കിന്റെ ഒന്നാംദിനമായ ചൊവ്വാഴ്ച രാത്രി നാടോടികള്‍ക്ക് ഭക്ഷണം നല്‍കി മാതൃകയായി ഇതരസംസ്ഥാന തൊഴിലാളികള്‍. കണ്ണൂരിലെ പാനൂര്‍ ടൗണില്‍ രാത്രി ഒമ്പതോടെ ബംഗാള്‍ സ്വദേശികളായ യുവാക്കളാണ് ഭക്ഷണം വിതരണം ചെയ്തത്. കൈയില്‍ ചോറും കറിയുമടങ്ങുന്ന പാത്രങ്ങള്‍ കരുതിയ സംഘം ഇവ വിതരണം ചെയ്തത് കടത്തിണ്ണയില്‍ അന്തിയുറങ്ങുന്ന നാടോടികള്‍ക്കായിരുന്നു.

ഓരോരുത്തരെയായി അവര്‍ വിളിച്ചുണര്‍ത്തി ചോറും ഉരുളക്കിഴങ്ങും സോയാബീനും കൊണ്ടു തയ്യാറാക്കിയ കറിയും വിതരണം ചെയ്തു. അവര്‍ ഭക്ഷണം വിതരണം ചെയ്യുന്ന കാഴ്ച കാണാന്‍ കടയുടെ മുന്നില്‍ കാവല്‍ നില്ക്കുന്നവരടക്കം അപൂര്‍വംപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

13 പേരടങ്ങുന്ന സംഘം തൊണ്ണൂറോളം പേര്‍ക്കാണ് ഭക്ഷണം നല്‍കിയത് കൊല്‍ക്കൊത്ത സിലിഗുഡിയിലെ ഇര്‍ഫാന്‍, ഹമീദ്, ബാബുന്‍, നവനീത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്നദാനം നടത്തിയത്. നിര്‍മാണമേഖലയില്‍ ജോലിചെയ്യുന്നവരാണിവര്‍.

Exit mobile version