തിരുവനന്തപുരം: ആളുകളെ കൈയ്യിലെടുക്കാനായി ഇറക്കിയ ഒരൊറ്റ ഗാനം കൊണ്ട് എല്ലാ പേരും നഷ്ടപ്പെട്ട് ബിജെപി. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പദയാത്രയിൽ പ്ലേ ചെയ്ത പാട്ടാണ് പാർട്ടിക്കും നേതൃത്വത്തിനും വിനയായത്. അഴിമതിക്ക് പേരുകേട്ട കേന്ദ്രസർക്കാർ എന്ന വാക്കാണ് കെ സുരേന്ദ്രന് പണിയായിരിക്കുന്നത്. പദയാത്രയുടെ ലൈവ് ടെലികാസ്റ്റിൽ ഈ പാട്ട് കേൾപ്പിച്ചതാണ് യാത്രയെ തന്നെ നാണം കെടുത്തിയിരിക്കുന്നത്.
പൊന്നാനിയിലെ പദയാത്രയ്ക്കിടെയാണ് പാർട്ടിയെ വെട്ടിലാക്കിയ ഗാനം പ്ലേ ആയത്. കോഴിക്കോട് വെച്ച് എസ്എസി/എസ്ടി നേതാക്കൾക്കൊപ്പം കെ സുരേന്ദ്രൻ ഉച്ചയൂണ് കഴിക്കുമെന്ന് നോട്ടീസിൽ ഉൾപ്പെടുത്തിയത് വലിയ നാണക്കേടായിരുന്നു. ഇതിന്റെ നാണക്കേട് മാറുന്നതിന് മുമ്പെയാണ് അടുത്ത അമളിപറ്റിയിരിക്കുന്നത്.
പൊന്നാനിയിലെ പദയാത്രയുടെ വെബ് ലൈവിലെ ഗാനത്തിലാണ് കേന്ദ്രം അഴിമതി ഭരണത്തിന് പേരുകേട്ടതെന്നും ആ ഭരണത്തെ തച്ചുടയ്ക്കണമെന്നും കേൾപ്പിച്ചത്. അതേസമയം, ഈ ഗാനം കേന്ദ്രത്തിലെ യുപിഎ ഭരണത്തിനെതിരെ 2014-ൽ തയാറാക്കിയതാണെന്നും ഇത് മാറി പ്ലേ ചെയ്തതാണെന്നുമൊക്കെയാണ് സൈബർ സംഘത്തിന്റെ വിശദീകരണം.
എല്ലാത്തിനും കാരണം ഐടി സെല്ലിന്റെ പിഴവാണെന്നാണ് കാണിച്ച് ഐടി സെൽ ചെയർമാൻ എസ് ജയശങ്കറിന് എതിരെ നടപടിയും എടുത്തിട്ടുണ്ട്. ഐടി സെൽ ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. പ്രോഗ്രാം ലൈവ് കൊടുക്കാൻ പാർട്ടി പ്രവർത്തകരും സ്വയം സേവകരും അടങ്ങിയ ഒരു ടീമിനായിരുന്നു ഉത്തരവാദിത്തം. സെറ്റ് ചെയ്തിരുന്ന ജനറേറ്റർ പ്രവർത്തനം ഇടക്ക് മുടങ്ങി. ഇതിനിടെ ലൈവ് ടീമിന്റെ നെറ്റ് വർക്കിൽ ഉണ്ടായ പ്രശ്നവുമുണ്ടായി. ഇതുകാരണം ലൈവ് ബ്രേക്ക് ആയെന്നുമാണ് ഐടി സെല്ലുകാരുടെ വിശദീകരണം.
ALSO READ- പേട്ടയിലെ രണ്ടര വയസുകാരിയുടെ യഥാര്‍ഥ രക്ഷിതാക്കളെ കണ്ടെത്താന്‍ ഡിഎന്‍എ പരിശോധന
ഈ പ്രതിസന്ധി ഒഴിവാക്കാൻ ലൈവിൽ പാട്ട് കേറ്റുന്നതിന് വേണ്ടി കേരള ബിജെപി യുട്യൂബ് ചാനലിൽ ഗാനങ്ങൾ സെർച്ച് ചെയ്ത് ഒരു അവർ പാട്ട് ഇടുകയായിരുന്നുവെന്നും ഇത് പഴയ പാട്ടായതാണ് എല്ലാത്തിനും കാരണമെന്നും ഐടി സെല്ലുകാർ പറയുന്നു.
അതേസമയം, ഇത് ഐടി സെല്ലിലെ ലൈവ് ടെലികാസ്റ്റ് കൈകാര്യം ചെയ്തവർക്ക് വന്ന കൈയബദ്ധമാണെങ്കിൽ ഈ ഗാനം എവിടെ നിന്ന് വന്നുവെന്ന് ചോദ്യം ബാക്കിയാവുകയാണ്. 2014-ലെ പാട്ടാണ് ഇതെന്നത് സത്യമാണെങ്കിൽ അന്നത്തെ ഗാനത്തിൽ പദയാത്ര എന്ന വാക്ക് കടന്നുവരുമെന്നാണ് ചോദ്യം ഉയരുന്നത്.
2014-ൽ അന്നത്തെ സംസ്ഥാന അധ്യക്ഷനായിരുന്ന വി മുരളീധരൻന്റെ വികസന യാത്ര എന്ന പരിപാടിയിലേതാണ് ഈ പാട്ട് എന്നതാണെന്നും പറയുന്നുണ്ട്. എന്നാൽ, അന്നത്തെ പാട്ട് യൂട്യൂബിൽ ഇല്ല. അപ്പോൾ പിന്നെ ഈ പാട്ട് എവിടുന്ന് വന്നെന്ന് ചോദിക്കുമ്പോൾ കെ സുരേന്ദ്രന്റെ പദയാത്രയ്ക്ക് വേണ്ടി പാട്ടെഴുതിയപ്പോൾ സംഭവിച്ച അബദ്ധമാണെന്നും ഇത് പരിശോധിക്കാതെ പ്ലേ ചെയ്തതാണ് എല്ലാ പ്രശ്നവും ഉണ്ടാക്കിവെച്ചതെന്നുമാണ് മനസിലാക്കാൻ സാധിക്കുന്നത്.
Discussion about this post