തൃശൂര്‍: ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തിയ രണ്ട് പേര്‍ പിടിയില്‍. മൂന്നുപീടിക അറവുശാല ഷിവാസ് (28), നെന്മാറ കോതകുളം റോഡില്‍ പുന്നച്ചാന്ത് വീട്ടില്‍ ബ്രിജിത (24) എന്നിവരാണ് ന്യൂജെന്‍ മയക്കുമരുന്നായ എംഡിഎംഎയുമായി പിടിയിലായത്. പരിശോധനയില്‍ രണ്ട് പേരില്‍ നിന്നുമായി 23 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്.
കഴിഞ്ഞ ദിവസം രാവിലെ 11.20 ഓടെ ചൊവ്വൂരില്‍വച്ച് എസ്.ഐ. എസ്. ശ്രീലാലിന്റെ നേതൃത്വത്തില്‍ ജില്ലാ ഡാന്‍സാഫ് ടീമാണ് ഷിവാസിനെയും ബ്രിജിതയേയും പൊക്കിയത്. ഇരുവരും ബൈക്കില്‍ ബംഗളൂരുവില്‍ നിന്നും തൃശൂരിലേക്ക് വരികയായിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് സംശയം തോന്നി ഇരുവരെയും വിശദമായി പരിശോധിച്ചപ്പോഴാണ് എം.ഡി.എം.എ. കണ്ടെത്തിയത്.
ഷിവാസിന്റെ കൈയില്‍നിന്ന് 19.27 ഗ്രാമും ബ്രിജിതയുടെ കൈയില്‍ നിന്ന് 4.07 ഗ്രാം എം.ഡി.എം.എയുമാണ് പിടികൂടിയത്. ബ്രിജിത എം.എ, ബി.എഡ് ബിരുദധാരിയാണ്. ബാംഗ്ലൂര്‍ താമസിച്ചാണ് ഇവര്‍ പഠനം പൂര്‍ത്തിയാക്കിയത്. ഷിവാസും ബ്രിജിതയും മയക്കുമരുന്ന് വിതരണ ശൃംഖലയിലെ കണ്ണികളാണെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. ഇരുവരെയും ചോദ്യം ചെയ്തു വരികയാണ്.