തിരുവനന്തപുരം: കസ്റ്റംസ് നടത്തിയ പരിശോധനയിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും 35 ലക്ഷം രൂപയുടെ സ്വർണക്കടത്ത് പിടിയിലായി. രണ്ട് യാത്രക്കാരിൽ നിന്നായാണ് ഈ സ്വർണം പിടിച്ചെടുത്തത്. തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് യൂണിറ്റാണ് സ്വർണവേട്ട നടത്തിയത്.
സോക്സിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച നിലയിലാണ് ഇവർ സ്വർണം കടത്തിയത്. ബുധനാഴ്ച രാവിലെ കൊളംബോയിൽ നിന്നെത്തിയ ശ്രീലങ്കൻ എയർവേയ്സ് വിമാനം, ഷാർജയിൽനിന്നെത്തിയ ഇൻഡിഗോ വിമാനം എന്നിവയിലെത്തിയ യാത്രക്കാരാണ് പിടിയിലായത്.
ശ്രീലങ്കൻ എയർവേയ്സിന്റെ വിമാനത്തിലെ യാത്രക്കാരൻ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം കടത്തിയത്. വിവിധ വലിപ്പത്തിലുളള നാല് സ്വർണ ബിസ്‌ക്കറ്റുകളാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. 20.12 ലക്ഷം രൂപയുടെ 320 ഗ്രാം തൂക്കമുളള ബിസ്‌ക്കറ്റുകളാണ് ഇവയെന്ന് ഇന്റലിജൻസ് യൂണിറ്റ് അധികൃതർ അറിയിച്ചു.
ALSO READ- യുവതിയെ ദ്രാവകം നല്‍കി മയക്കി പീഡിപ്പിച്ചു, കൊച്ചിയില്‍ യുവാവ് അറസ്റ്റില്‍
ധരിച്ചിരുന്ന സോക്സിനുള്ളിൽ ഒളിപ്പിച്ചാണ് ഷാർജയിൽനിന്നെത്തിയ വിമാനത്തിലെ യാത്രക്കാരൻ സ്വർണം കടത്തിയത്. കറുത്തപേപ്പർ ഉപയോഗിച്ച് പൊതിഞ്ഞ നിലയിൽ രണ്ട് സോക്സിനുളളിലും സ്വർണ്ണം ഒളിപ്പിച്ചിരിക്കുകയായിരുന്നു.
കുഴമ്പ് രൂപത്തിലാക്കിയ 145.330 ഗ്രാം സ്വർണം, 50.05 ഗ്രാം തൂക്കമുളള കൊലുസുകൾ, 30 ഗ്രാം സ്വർണാഭരണം എന്നിവ ഉൾപ്പെട്ട 15 ലക്ഷം രൂപ വിലവരുന്ന 225.360 ഗ്രാം തൂക്കമുളള സ്വർണമാണ് പിടിച്ചെടുത്തതെന്ന് കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് യൂണിറ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇരുവർക്കുമെതിരെ കസ്റ്റംസ് കേസ് രജിസ്റ്റർ ചെയ്തു.