കൊച്ചി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണമടഞ്ഞ വീട്ടമ്മ പുതുജീവനേക്യത് അഞ്ചുപേർക്ക്. മസ്തിഷ്‌ക മരണം സംഭവിച്ച വീട്ടമ്മയുടെ അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ സമ്മതം അറിയിക്കുകയായിരുന്നു.
ചേരാനല്ലൂർ കണ്ടോളിപറമ്പിൽ ജയ ശശികുമാറിനാ(62)ണ് മസ്തിഷ്‌ക മരണം സംഭവിച്ചത്. പിന്നാലെ ആരോഗ്യപ്രവർത്തകരോട് സംസാരിച്ച ബന്ധുക്കൾ സത്പ്രവർത്തിക്ക് സമ്മതം മൂളുകയായിരുന്നു. മരണാനന്തര അവയവദാനത്തിനായി രൂപീകരിച്ച സംസ്ഥാന സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി വഴിയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.
കരൾ, രണ്ടു വൃക്കകൾ, രണ്ട് കോർണിയകൾ എന്നിവയാണ് ദാനം ചെയ്തത്. ഇതിൽ കരൾ, ഒരു വൃക്ക, കോർണിയകൾ എന്നിവ അമൃത ആശുപത്രിയിൽ ചികിത്സയിലുള്ള നാല് രോഗികൾക്കും ഒരു വൃക്ക കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോഗിക്കുമാണ് ദാനമായി നൽകിയത്.
ഫെബ്രുവരി 13-ന് ചിറ്റൂർ ജയകേരള സ്റ്റോപ്പിനു സമീപമുണ്ടായ വാഹനാപകടത്തിലാണ് ജയയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. റോഡിലൂടെ നടന്നുപോകുമ്പോൾ പിന്നിൽ നിന്നെത്തിയ സ്‌കൂട്ടർ ഇടിച്ചിട്ടായിരുന്നു അപകടം സംഭവിച്ചത്.
ALSO READ- പുസ്തകം വിറ്റ് ലഭിച്ച രണ്ട് ലക്ഷം രൂപ പെൺകുട്ടികളുടെ വിവാഹത്തിന് സമ്മാനിച്ച് രചയിതാവ്; പെരുമ്പടപ്പിലെ റംഷാദിന്റെ നന്മയ്ക്ക് കൈയ്യടി
ഗുരുതരമായി പരിക്കേറ്റ ജയ അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് ഞായറാഴ്ച രാവിലെ 9 മണിയോടെ ഡോക്ടർമാർ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. തുടർന്ന് മരണാനന്തര അവയവദാനത്തിന് ബന്ധുക്കൾ സമ്മതമറിയിക്കുകയായിരുന്നു.