തിരുവനന്തപുരം: വീട്ടിൽ വെച്ചുള്ള പ്രസവത്തിനിടെ കാരയ്ക്കാമണ്ഡപത്ത് യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭർത്താവിന്റെ ക്രൂരത വെളിപ്പെടുത്തി മൊഴികൾ. യൂട്യൂബ് നോക്കി സാധാരണ പ്രസവം നടക്കുമെന്ന് യുവതിയുടെ ഭർത്താവ് നയാസ് അവകാശപ്പെട്ടിരുന്നു. അയൽക്കാരേയും ആശാപ്രവർത്തകരേയും പോലീസിനേയും ഒന്നും ഇയാൾ ചെവികൊണ്ടില്ല.
ആശുപത്രിയിലാക്കാൻ ആവശ്യപ്പെട്ട പോലീസിനോട് എനിക്കില്ലാത്ത വേവലാതി നിങ്ങൾക്കെന്തിനാണെന്ന് ചോദിച്ചതായും വാർഡ് കൗൺസിലർ പറയുന്നു. യുവതിയുടെ ആദ്യ മൂന്ന് പ്രസവവും സിസേറിയനായിരുന്നു. അവസാന പ്രസവം കഴിഞ്ഞിട്ട് ഒരു വർഷം മാത്രമേ ആവുന്നുണ്ടായിരുന്നുള്ളൂവെന്നും ആരോഗ്യപ്രവർത്തകർ വെളിപ്പെടുത്തുന്നു.
അതേസമയം, ധിക്കരിച്ചാൽ ഭർത്താവ് ഉപേക്ഷിക്കുമെന്ന പേടിയിലായിരുന്നു ഷെമീറ ബീവിയെന്നും കൗൺസിലർ ദീപിക പ്രതികരിച്ചു. പലപ്പോഴും ആശുപത്രിയിൽ പോകുന്ന കാര്യം പറയുമ്പോഴൊക്കെ തനിക്ക് തന്റെ ഭാര്യയെ നോക്കാനറിയാം നാട്ടുകാർ നോക്കേണ്ടെന്നുമായിരുന്നു നയാസിന്റെ മറുപടിയെന്ന് അയൽവാസികളായ സ്ത്രീകൾ പറയുന്നു.
അയൽപ്പക്കത്തെ വീട്ടിലുള്ളവരോടു യുവതിയും മക്കളും സംസാരിക്കുന്നത് നയാസിന് ഇഷ്ടമില്ലായിരുന്നുവെന്നും നാട്ടുകാർ വെളിപ്പെടുത്തി. അതേസമയം, ഷെമീറ ബീവി മരണപ്പെടുന്ന സമയത്ത് മൂത്ത മകൻ വീട്ടിലുണ്ടായിരുന്നുവെന്നും അവർ വ്യക്തമാക്കി. നയാസിന്റെ രണ്ടാം ഭാര്യയാണ് ഷെമീറ. ഇവരുടെ മൂത്ത മകന് 18 വയസ്സ് പ്രായമുണ്ട്. മൂന്ന് കുട്ടികളെയും ആദ്യ ഭാര്യയ്ക്കൊപ്പമാണ് കുറച്ചുനാളുകളായി നിര്‍ത്തിയിരുന്നത്.
വിവരമറിഞ്ഞ് ആശാവർക്കർമാർ വീട്ടിലെത്തിയപ്പോൾ അവരെ വീട്ടിൽ കയറ്റാൻ നയാസ് സമ്മതിച്ചിരുന്നില്ല. സംശയം തോന്നി അകത്ത് കയറി സംസാരിച്ചപ്പോഴാണ് നാലാമത്തെ പ്രസവമാണെന്ന് അറിഞ്ഞതെന്നും കാര്യത്തിന്റെ ഗൗരവം മനസിലായതോടെ യുവതിയോട് സംസാരിക്കാൻ ശ്രമിച്ചിരുന്നു എന്നും വാർഡ് കൗൺസിലർ പറഞ്ഞി. പാലക്കാട് സ്വദേശിനിയാണ് ഷെമീറ ബീവി.സാമ്പത്തിക ശേഷി വളരെ കുറഞ്ഞ കുടുംബമാണ് യുവതിയുടേത്. അതുകൊണ്ടു തന്നെ ഭര്‍ത്താവ് ഉപേക്ഷിച്ചാല്‍ കുഞ്ഞുങ്ങളും താനും എന്ത് ചെയ്യുമെന്ന വിഷമത്തിലായിരുന്നു അവര്‍ ജീവിച്ചതെന്നും കൗണ്‍സിലര്‍ പറയുന്നു. പ്രസവത്തിനിടെ യുവതിയും കുഞ്ഞും ഇന്നലെയാണ് മരിച്ചത്.
Discussion about this post