ചേര്‍ത്തല: ഭര്‍ത്താവ് തീക്കൊളുത്തി കൊലപ്പെടുത്തിയ ആരതിയ്ക്ക് കണ്ണീരോടെ വിട നല്‍കി വെട്ടയ്ക്കല്‍ ഗ്രാമം. ഇന്നലെ രാവിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് വെട്ടയ്ക്കല്‍ വലിയവീട്ടില്‍ ആരതി പ്രദീപിനെ(30) ഭര്‍ത്താവ് ശ്യാം ജി ചന്ദ്രന്‍ പെട്രോളൊഴിച്ച് തീക്കൊളുത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 കൂടി വീട്ടിലേയ്ക്ക് എത്തിച്ച മൃതദേഹത്തെ കാത്ത് രാഷ്ട്രീയ – സാമുദായിക നേതാക്കള്‍ അടക്കമുള്ളവര്‍ നിറകണ്ണുകളോടെ കാത്തുനിന്നു.
ആരതിയുടെ മക്കളായ ഏഴ് വയസുകാരന്‍ ഇഷാനും, മൂന്നര വയസുള്ള കുഞ്ഞ് സിയയ്ക്കും അമ്മയുടെ മുഖം ഒരു നോക്കു കാണാന്‍ പോലും ആകാത്ത നിലയിലായിരുന്നു. മുഖം പോലും പുറത്ത് കാണാന്‍ പറ്റാത്ത രീതിയില്‍ മുഴുവനും വെള്ള തുണിയില്‍ പൊതിഞ്ഞ് കെട്ടിയ നിലയിലായിരുന്നു പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം കൊണ്ടുവന്നത്. സഹോദരന്‍ ബിബിനെ സുഹൃത്തുക്കള്‍ പലവട്ടം ആശ്വസിപ്പിക്കുന്നതും വളരെ വേദനിപ്പിക്കുന്ന കാഴ്ചയായി.
മതപരമായ ചടങ്ങുകള്‍ ഒന്നും ഇല്ലാതെ ഉച്ചയ്ക്ക് ഒരു മണിയോടെ ആരതിയുടെ മകന്‍ ഇഷാന്‍ ചിതയ്ക്ക് തീ കൊളുത്തി. ആരതിയുടെ ഭര്‍ത്താവ് ശ്യാംജി ചന്ദ്രനും സംഭവത്തില്‍ പൊള്ളലേറ്റെങ്കിലും അപകട നില തരണം ചെയ്തതായി ആശുപത്രിയില്‍ നിന്നും അറിയിച്ചു. കൃഷിമന്ത്രി പി. പ്രസാദ്, എ. എം ആരീഫ് എംപി, എസ്. ശരത്, എന്‍. എസ്. ശിവപ്രസാദ്, സി. എസ് സുജാത, ഫാ. തോമസ് കെ പ്രസാദ് എന്നിവര്‍ വീട്ടുവളപ്പില്‍ നടന്ന ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.
Discussion about this post