പാലക്കാട്: ഷൊര്‍ണൂരില്‍ ഒരു വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ ശില്പയെ മാര്‍ച്ച് 5 വരെ റിമാന്‍ഡ് ചെയ്തു. ഒറ്റപ്പാലം ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിലാണ് ശില്പയെ ഹാജരാക്കിയത്. കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ശില്പയെ പാലക്കാട് ജില്ലാ ജയിലിലേക്ക് മാറ്റും.
മാവേലിക്കരയിലെ വാടക വീട്ടില്‍ വച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. ജോലിക്ക് പോകാന്‍ കുഞ്ഞൊരു തടസ്സമായതിനാലാണ് കൊലപാതകം നടത്തിയതെന്ന് ശില്പ പോലീസിന് മൊഴി നല്‍കിയത്.
കഴിഞ്ഞ ശനിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. ആലപ്പുഴ മാവേലിക്കര സ്വദേശി ശില്പയുടെയും പാലക്കാട് ഷോര്‍ണൂര്‍ സ്വദേശി അജ്മലിന്റെയും മകളാണ് കൊല്ലപ്പെട്ട ഒരു വയസുകാരി ശിഖന്യ. അജ്മലും ശില്പയും കുറച്ചുകാലമായി അകന്നു താമസിക്കുകയായിരുന്നു.
ഇവര്‍ തമ്മിലുള്ള തര്‍ക്കമാണ് ശിഖന്യയുടെ കൊലപാതകത്തിന് കാരണമായതെന്നു പൊലീസ് പറഞ്ഞു. സ്വദേശമായ മാവേലിക്കരയില്‍ വച്ചാണ് ശില്പ കുഞ്ഞിനെ കൊന്നത്. അവിടെ നിന്ന് കാറില്‍ ഷൊര്‍ണൂരിലെത്തി. അജ്മല്‍ ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തില്‍ മൃതദേഹം വെച്ച് മടങ്ങാന്‍ ഒരുങ്ങി.
അജ്മലാണ് സംഭവം ഷോര്‍ണൂര്‍ പൊലീസില്‍ അറിയിച്ചത്. ഇരുവരോടും കുഞ്ഞുമായി ആശുപത്രിയിലേക്ക് പോകാന്‍ പൊലീസ് നിര്‍ദ്ദേശിച്ചു. ഷോര്‍ണൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ചു. ശില്പയെ പൊലീസ് അന്നുതന്നെ കസ്റ്റഡിയിലെടുത്തു.
Discussion about this post