തൃശൂര്‍: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശം ലക്ഷ്യമിട്ട് ഭാരത് അരി വില്‍പ്പന നടത്താനുള്ള ശ്രമം പോലീസ് തടഞ്ഞു. വോട്ട് ലക്ഷ്യമിട്ടാണ് ഭാരത് അരിയുടെ വില്‍പ്പനയെന്ന് പരാതി ഉയര്‍ന്നതോടെയാണ് വിതരണം പോലീസ് ഇടപെട്ട് തടഞ്ഞത്. മുല്ലശേരി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ വ്യാഴാഴ്ചയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മണലൂര്‍ മണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളിലൊന്നും ഭാരത് അരി വിതരണം നടത്താതെ മുല്ലശ്ശേരിയില്‍ മാത്രം അരിയെത്തിയത് വോട്ട് തട്ടാനുള്ള തന്ത്രമാണെന്ന് വിമര്‍ശനം ഉയര്‍ന്നു.
അതേസമയം, അരി വിതരണം പെരുമാറ്റചട്ട ലംഘനമാണെന്ന് പോലീസ് അറിയിച്ചു. തുടര്‍ന്നാണ് അരിവിതരണം തടഞ്ഞത്. സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരും പോലീസും തമ്മില്‍ തര്‍ക്കമുണ്ടായി. വിവരമറിഞ്ഞ് റിട്ടേണിങ് ഓഫീസര്‍ ലൗസിയും സ്ഥലത്തെത്തി തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിലുള്ളതിനാല്‍ അരി വിതരണം നടത്താന്‍ കഴിയില്ലെന്ന് റിട്ടേണിംഗ് ഓഫീസറും അറിയിച്ചു. പിന്നാലെ പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി.
അരിയുമായെത്തിയ വാഹനം അടുത്ത പഞ്ചായത്തിലേക്ക് മാറ്റിയിടണമെന്ന് നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് തോളൂര്‍ പഞ്ചായത്തിലേക്ക് വാഹനം മാറ്റി. പിന്നീട് പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ വച്ച് അരി വിതരണം നടന്നു.