ആലപ്പുഴ: ചേര്‍ത്തലയില്‍ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. പട്ടണക്കാട് കടക്കരപ്പള്ളി സ്വദേശിനി ആരതിയെയാണ് ഭര്‍ത്താവ് ശ്യാംജിത്ത് ചന്ദ്രന്‍ റോഡില്‍ തടഞ്ഞുനിര്‍ത്തി തീ കൊളുത്തിയത്. 90 ശതമാനം പൊള്ളലേറ്റ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആരതി വൈകിട്ടോടെ മരണത്തിന് കീഴടങ്ങി. പൊള്ളലേറ്റ ശ്യാം ജിത്തും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ചേര്‍ത്തലയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കായി വരുന്നതിനിടെ രാവിലെ ഒമ്പതരയോടെയാണ് ആരതിയുടെ സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി ശ്യാംജിത്ത് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. ആരതി സ്ഥിരമായി വരുന്ന ചേര്‍ത്തല താലൂക്ക് ആശുപത്രിക്ക് സമീപം തിരക്കൊഴിഞ്ഞ റോഡില്‍ പെട്രോള്‍ നിറഞ്ഞ കന്നാസുമായി കാത്ത് നിന്നാണ് ശ്യാംജിത്ത് ആരതിയെ ആക്രമിക്കുകയായിരുന്നു.
ALSO READ തിരുവനന്തപുരത്ത് നിന്നും കാണാതായ രണ്ട് വയസുകാരിയെ കണ്ടെത്തി
യുവതിയുടെ ശരീരത്തില്‍ തീ പടര്‍ന്നതിനൊപ്പം ശ്യാംജിത്തിനും പൊള്ളലേറ്റു. തീപ്പൊള്ളലേറ്റ ആരതി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. ഈ വീട്ടുകാരാണ് തീയണച്ച് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. പൊള്ളലേറ്റ ഇരുവരെയും ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
90 ശതമാനം പൊള്ളലേറ്റ ആരതി വൈകിട്ട് നാലുമണിയോടെ മരിച്ചു. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഇരുവരും. ഒന്‍പതും മൂന്നും വയസുള്ള കുട്ടികള്‍ ഇവര്‍ക്കുണ്ട്. ദീര്‍ഘനാളുകളായി കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും അകന്നു കഴിയുകയായിരുന്നു. കുട്ടികള്‍ ആരതിക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. മെഡിക്കല്‍ റെപ്പായി ജോലി ചെയ്യുകയായിരുന്നു ശ്യാംജിത്ത്. മൂന്നു മാസം മുന്‍പ് ഇയാള്‍ ആത്മഹത്യ ശ്രമം നടത്തിയിരുന്നുവെന്ന് പോലീസ് പറഞ്ഞു.