കൊച്ചി: കേരളത്തില്‍ വേനല്‍ച്ചൂട് കൂടിവരികയാണ്. ഈ സാഹചര്യത്തില്‍ വാഹനങ്ങള്‍ക്ക് തീപിടിക്കുന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് മോട്ടോര്‍ വാഹനവകുപ്പ്.
ഇന്ധന ലീക്കേജ്, ഗ്യാസ് ലീക്കേജ്, അനധികൃതമായ ആള്‍ട്ടറേഷനുകള്‍, ഫ്യൂസുകള്‍ ഒഴിവാക്കിയുള്ള ഇലക്ട്രിക് ലൈന്‍, അധിക താപം ഉല്പാദിപ്പിക്കപ്പെടുന്ന ബള്‍ബുകള്‍, പാര്‍ക്കിംഗ് സ്ഥലങ്ങള്‍ തുടങ്ങിയവയും വാഹനങ്ങളിലെ അഗ്നിബാധയ്ക്ക് കാരണമായേക്കാം.
അതിനാല്‍ അഗ്നിബാധയ്ക്ക് സാധ്യതയുള്ള ഘടകങ്ങള്‍ ഒഴിവാക്കുക എന്നുള്ളതാണ് പ്രാഥമികമായി ചെയ്യേണ്ടതെന്നും മോട്ടോര്‍ വാഹനവകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. കൃത്യമായ ഇടവേളകളില്‍ വാഹനങ്ങളുടെ മെയിന്റനന്‍സ് ചെയ്യണം.
വാഹനങ്ങളുടെ എന്‍ജിന്‍ കംപാര്‍ട്ട്‌മെന്റ് വൃത്തിയായി സൂക്ഷിക്കുന്നത് ലീക്കേജുകള്‍ കണ്ടെത്തുന്നതിനും ഇതുവഴി അഗ്നിബാധ ഒഴിവാക്കാനും സാധിച്ചേക്കും. കൂടാതെ കുപ്പികളിലും മറ്റും ഇന്ധനം വാങ്ങി വാഹനത്തില്‍ സൂക്ഷിക്കുന്നത് അതുമായി യാത്ര ചെയ്യുന്നതും ഒഴിവാക്കണം.