കല്ലമ്പലത്ത് വാഹനപരിശോധനയ്ക്കിടെ ആഡംബര കാറിലെത്തിയ ആൾ ഓടി രക്ഷപ്പെട്ടു; സംശയം തോന്നി പരിശോധിച്ചപ്പോൾ കണ്ടെത്തിയത് 80 കിലോകഞ്ചാവ്!

തിരുവനന്തപുരം: ആറ്റിങ്ങൽ കല്ലമ്പലം ആഴംകോണത്ത് വാഹനപരിശോധനയ്ക്കിടെ കണ്ടെത്തിയത് 80 കിലോയോളം കഞ്ചാവ്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ആഡംബര കാറിൽ കടത്തുകയായിരുന്ന 80 കിലോ കഞ്ചാവാണ് എക്‌സൈസ് പിടികൂടിയത്. സംഭവത്തിൽ തമിഴ്‌നാട് സ്വദേശി ശങ്കറിനെ എക്‌സൈസ് സംഘം പിടികൂടി. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരാൾ ഓടി രക്ഷപ്പെട്ടു.

ഇന്നലെ വൈകുന്നേരം 6 മണിയോടുകൂടി കല്ലമ്പലം എക്‌സൈസ് നടത്തിയ വാഹന പരിശോധനയിലാണ് തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള വാഹനത്തിൽ നിന്ന് 80 കിലോയോളം തൂക്കം വരുന്ന കഞ്ചാവ് പിടിച്ചെടുത്തത്.

വാഹനത്തിന് എക്‌സൈസ് സംഘം കൈ കാണിച്ച സംമയത്ത് പിടിയിലായ ശങ്കർ വാഹനം നിർത്തിയെങ്കിലും ഇതിനിടെ കാറിൽ ഉണ്ടായിരുന്ന മറ്റെയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ തന്നെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ശങ്കറിനെ എക്‌സൈസ് ഉദ്യോഗസ്ഥർ പിന്തുർന്ന് പിടികൂടുകയായിരുന്നു.

ALSO READ- ഏഴാംക്ലാസുകാരൻ ജീവനൊടുക്കി; കുട്ടിയുടെ ചിതാഭസ്മവുമായി സ്‌കൂളിലേക്ക് ബന്ധുക്കളുടെ മാർച്ച്; എസ്എഫ്‌ഐ മാർച്ചിൽ സംഘർഷം

പിന്നീട് കാറിൽ നടത്തിയ പരിശോധനയിൽ ഏകദേശം 32 പാക്കറ്റുകളിലായി കാറിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് എക്‌സൈസ് സംഘം പിടിച്ചെടുത്തു. വാഹന പരിശോധനയിൽ കാറിൽ നിന്നും ഓടി രക്ഷപ്പെട്ടയാളുടെ പേരിൽ തമിഴ്‌നാട്ടിലെ വിവിധ കോടതികളിൽ കേസുകൾ ഉള്ളതായി എക്‌സൈസ് സംഘം കണ്ടെത്തിയിട്ടുണ്ട്.


എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷാജഹാൻ, ഇൻസ്‌പെക്ടർ ഷൈജു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പിടിയിലായ ശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. വാഹനത്തിൽ നിന്നും ഓടി രക്ഷപ്പെട്ടയാളെ പിടികൂടാനായി അന്വേഷണം ഊർജ്ജിതമാക്കി.

Exit mobile version