ബംഗളൂരു: വയനാട് മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ ധനസഹായം. കർണാടക സർക്കാരാണ് ധനസഹായം പ്രഖ്യാപിച്ചത്. കർണാടക വനം മന്ത്രി ഈശ്വർ ഖന്ദ്രയാണ് ധനസഹായം പ്രഖ്യാപിച്ചത്.
മാസങ്ങൾക്ക് മുമ്പേ കർണാടക വനംവകുപ്പ് കാട് കയറ്റിയ മോഴയാന ബേലൂർ മഖ്നയാണ് അജീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. നിലവിൽ കർണാടകയിൽ കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് നൽകിവരുന്ന ധനസഹായമാണ് ഈ തുക.
അജീഷിനെ കർണാടകക്കാരനായി കണക്കാക്കിയാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഉദ്ധരിച്ച് വനംമന്ത്രി ഈശ്വർ ഖന്ദ്ര പ്രതികരിച്ചു.
ഫെബ്രുവരി 10-നാണ് അജീഷ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.10 ലക്ഷം രൂപയും അജീഷിന്റെ ഭാര്യയ്ക്ക് സ്ഥിരം ജോലിയും മക്കളുടെ ഉന്നതവിദ്യാഭ്യാസ ചെലവുകളും ഏറ്റെടുക്കുമെന്നാണ് സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനം. എന്നാൽ ഇതുവരെയും ധനസഹായം ലഭിച്ചിട്ടില്ല എന്ന് കുടുംബം പറയുന്നു.
അതേസമയം, ആനയെ മയക്കുവെടിവെച്ച് പിടികൂടാനായി വനംവകുപ്പ് നടത്തിയ ദൗത്യം വിജയിച്ചില്ല. കർണാടകയുടെ ഉൾവനത്തിലേക്ക് കടന്ന ബേലൂർ മഖ്ന ഇപ്പോഴും അവിടെത്തന്നെ തുടരുകയാണ്. ഇത് ദൗത്യത്തിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.