മാനന്തവാടി: വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പടമല സ്വദേശി പനച്ചിയില്‍ അജീഷിന്റെ വീടാണ് രാഹുല്‍ ആദ്യം സന്ദര്‍ശിച്ചത്. രാഹുല്‍ ഗാന്ധി അജീഷിന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. എന്ത് സഹായം വേണമെങ്കിലും നല്‍കാമെന്ന് ഉറപ്പ് നല്കിയ ശേഷമാണ് അദ്ദേഹം അവിടെ നിന്ന് മടങ്ങിയത്.
ശേഷം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വനം വാച്ചര്‍ പോളിന്റെ വീടും രാഹുല്‍ സന്ദര്‍ശിച്ചു. രാഹുലിന്റെ സന്ദര്‍ശനം ആശ്വാസം നല്‍കിയാതായി പോളിന്റെ ഭാര്യ മാധ്യമങ്ങളോട് പ്രതികരിച്ചു. ‘എന്റെ മോള് കരയുന്നത് പോലെ ആരും കരയരുത്. വയനാട്ടില്‍ ജീവിക്കാന്‍ ബുദ്ധിമുട്ടാണ്. ആശുപത്രിയില്‍ സൗകര്യം വേണം. ഡോക്ടര്‍മാര്‍ വേണം. രാഹുലിന്റെ സന്ദര്‍ശനം ആശ്വാസം നല്കി’-. പ്രതീക്ഷയുണ്ടെന്നും പോളിന്റെ ഭാര്യ പറഞ്ഞു. വയനാട് മെഡിക്കല്‍ കോളേജിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നത് ഉള്‍പ്പെടെ ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം ചെയ്തു തരാമെന്ന് എംപി ഉറപ്പ് നല്‍കിയതായി മകളും പ്രതികരിച്ചു.
ALSO READ നടി സുഹാനിയുടെ മരണകാരണം അപൂര്‍വ്വ രോഗം: വെളിപ്പെടുത്തി കുടുംബം
തുടര്‍ന്ന് പോളിന്റെ വീട്ടില്‍ നിന്നും കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട വാകേരി മൂടക്കൊല്ലി സ്വദേശി പ്രജീഷിന്റെ വീട്ടിലേക്കാണ് പോയത്. ഇവിടെ നിന്ന് തിരിച്ച രാഹുല്‍ കല്പറ്റ ഗസ്റ്റ് ഹൗസില്‍ നടക്കുന്ന അവലോകന യോഗത്തിലും പങ്കെടുക്കും. ശേഷം മാധ്യമങ്ങളെ കാണും. ഉച്ചയോടു കൂടി ഹെലികോപ്റ്റര്‍മാര്‍ഗ്ഗം കല്‍പ്പറ്റയില്‍ നിന്നും കണ്ണൂരിലേക്ക് പോകുന്ന രാഹുല്‍ അവിടെ നിന്ന് ഡല്‍ഹിക്ക് മടങ്ങും.
Discussion about this post