കോഴിക്കോട് ബീച്ചാശുപത്രിയില്‍ വസ്ത്രം മാറുന്ന മുറിയില്‍ മൊബൈല്‍ ക്യാമറ; ക്യാമറ കണ്ടെത്തിയത് പുരുഷ ജീവനക്കാര്‍ വസ്ത്രം മാറി ഇറങ്ങിയതിനു ശേഷം!

മൊബൈല്‍ ഫോണിന്റെ ഉടമയായ ജീവനക്കാരനെ ചോദ്യം ചെയ്‌തെങ്കിലും ക്യാമറ പ്രവര്‍ത്തിച്ചതിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു മൊഴി.

കോഴിക്കോട്: കോഴിക്കോട് ബീച്ചാശുപത്രിയില്‍ ജീവനക്കാര്‍ വസ്ത്രം മുറിയില്‍ മൊബൈല്‍ ക്യാമറ ഒളിപ്പിച്ചതായി പരാതി. ഓപ്പറേഷന്‍ തീയ്യേറ്ററിനുള്ളില്‍ അറ്റന്‍ഡര്‍മാര്‍ വസ്ത്രം മാറുന്ന മുറിയില്‍ നിന്നാണ് ക്യാമറ പിടികൂടിയത്. പുരുഷ ജീവനക്കാര്‍ വസ്ത്രം മാറിയതിന് ശേഷം അകത്തേക്ക് പ്രവേശിച്ച വനിതാ ജീവനക്കാരിയാണ് ക്യാമറ കണ്ടെത്തിയത്. ക്യാമറ പ്രവര്‍ത്തിക്കുന്ന നിലയിലായിരുന്നു. ഇതോടെ ഇവര്‍ പരാതി നല്‍കുകയായിരുന്നു.

മൊബൈല്‍ ഫോണിന്റെ ഉടമയായ ജീവനക്കാരനെ ചോദ്യം ചെയ്‌തെങ്കിലും ക്യാമറ പ്രവര്‍ത്തിച്ചതിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു മൊഴി. മുറിക്കുള്ളില്‍ തൂക്കിയിട്ടിരുന്ന പുരുഷ ജീവനക്കാരന്റെ പാന്റ്‌സിനുള്ളിലായിരുന്നു മൊബൈല്‍. സഹപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും മൊബൈല്‍ ഫോണ്‍ ഓണായ കാര്യം തനിക്കറിയില്ലെന്നായിരുന്നു ജീവനക്കാരന്റെ നിലപാട്. അതില്‍ നിന്നും മാറ്റമില്ലാതെ മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ് ഇയാള്‍.

ആര്‍എംഒയ്ക്കാണ് വനിതാ ജീവനക്കാര്‍ പരാതി നല്‍കിയത്. മൊബൈല്‍ ഫോണ്‍ പിടികൂടുകയും ചെയ്തു. മൊബൈല്‍ ഫോണ്‍ വിശദമായ പരിശോധനയ്ക്ക് അയക്കും. പ്രാഥമിക പരിശോധനയില്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങളൊന്നും പതിഞ്ഞിട്ടില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ മുന്‍കാലങ്ങളില്‍ സമാനമായ രീതിയില്‍ ദൃശ്യം പകര്‍ത്തിയിട്ടുണ്ടോ എന്ന സംശയം ചില ജീവനക്കാര്‍ പ്രകടിപ്പിച്ചിട്ടുണ്ട്.

Exit mobile version