പട്ടാപ്പകൽ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം; തടയാൻ ശ്രമിച്ച വയോധികനെ തള്ളിയിട്ട് രക്ഷപ്പെടുന്നതിനിടെ യുവാവിന് പിടിവീണു; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവരുകയും തടയാൻ ശ്രമിച്ച വയോധികനെ ആക്രമിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. പ്രതി കമലേശ്വരം സ്വദേശി ഉണ്ണി എന്ന അഭിഷേകിനെ (24)യാണ് പോലീസ് പിടികൂടിയത്.

കോവളം-വാഴമുട്ടം ബൈപ്പാസിലെ തുപ്പനത്ത് കാവിലെ ക്ഷേത്രത്തിന്റെ കാണിക്കവഞ്ചിയാണ് മോഷ്ടാവ് പട്ടാപ്പകൽ കുത്തിത്തുറന്ന് പണം കവർന്നത്.

തുടർന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന വയോധികൻ അഭിഷേകിനെ തടയാൻ നോക്കുകയായിരുന്നു. എന്നാൽ വയോധികനെ അഭിഷേക് കാലിൽ പിടിച്ച് തള്ളിയിടുകയും രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ, ബഹളം കേട്ട് ആളുകൾ ഓടിയെത്തിയതോടെ കള്ളന് കുരുക്ക് വീണു.

ALSO READ- ‘പോളിന്റെ കുടുംബത്തിന് പ്രഖ്യാപിച്ച പത്ത് ലക്ഷവും ഇന്നുതന്നെ കൈമാറും’; അഞ്ച് ലക്ഷവുമായി വന്ന എഡിഎമ്മിനെ തടഞ്ഞ് നാട്ടുകാർ

ഓടിക്കൂടിയ നാട്ടുകാർ കള്ളനെ കീഴ്‌പ്പെടുത്തിയ ശേഷം തിരുവല്ലം പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. എസ്എച്ച്ഒ ആർ ഫയാസ്, എസ്‌ഐമാരായ ബിജു ഡി, മോഹനചന്ദ്രൻ, രാധാകൃഷ്ണൻ, സിപിഒ സാജൻ എന്നിവരെത്തിയാണ് കള്ളനെ കസ്റ്റഡിയിലെടുത്തത്. പ്രതി അഭിഷേക് സ്ഥിരം കുറ്റവാളിയാണെന്നും അടുത്തിടെ ജയിലിൽ നിന്ന് പുറത്തിറങ്ങിയതാണെന്ന് പോലീസ് അറിയിച്ചു.

Exit mobile version