മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച കുറുവ ദ്വീപ് സുരക്ഷാ ജീവനക്കാരൻ വിപി പോളിന്റെ മൃതദേഹം പൊതുദർശനത്തിന് വെച്ചു. മൃതദേഹം വീട്ടിലെത്തിച്ചാണ് പൊതുദർശനം തുടരുന്നത്. ഇതിനിടെ നഷ്ടപരിഹാരത്തുക നൽകുന്നതിനെ ചൊല്ലി നാട്ടുകാർ ഉദ്യോഗസ്ഥർക്ക് നേരെ ക്ഷുഭിതരായത് നാടകീയ രംഗങ്ങൾക്ക് വഴിയൊരുക്കി.
മരിച്ച പോളിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ തുടക്കത്തിൽ മൃതദേഹം ആംബുലൻസിൽ നിന്ന് പുറത്തിറക്കാൻ നാട്ടുകാർ അനുവദിച്ചിരുന്നില്ല. സർക്കാർ പ്രഖ്യാപിച്ച ധനസഹായം ഉൾപ്പടെയുള്ള ഉറപ്പുകൾ രേഖാമൂലം ലഭിക്കണമെന്നായിരുന്നു ബന്ധുക്കളുടെയും നാട്ടുകാരുടെും ആവശ്യം.
തുടർന്ന് നഷ്ടപരിഹാരത്തുകയുടെ ആദ്യഗഡുവായ അഞ്ച് ലക്ഷം എത്തിക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചു. ഈ പണവുമായി വന്ന എഡിഎമ്മിനെ നാട്ടുകാർ തടഞ്ഞുവച്ചു. തുടർന്ന് സർക്കാർ ഉത്തരവ് എഡിഎം ബന്ധുക്കളെ വായിച്ചു കേൾപ്പിച്ചെങ്കിലും പ്രതിഷേധം തുടർന്നതോടെ നഷ്ടപരിഹാരത്തുകയായ പത്തുലക്ഷവും ഇന്ന് തന്നെ നൽകാൻ തീരുമാനമായി.
ഇതോടെയാണ് മൃതദേഹം ആംബുലൻസിൽ നിന്ന് വീട്ടിലേയ്ക്ക് എത്തിച്ചത്. പൊതുദർശനം വീട്ടിൽ പുരോഗമിക്കുകയാണ്.