ജോഡോ യാത്ര നിര്‍ത്തിവെച്ചു, ‘അടിയന്തര ആവശ്യം’! രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്

ഭാരത് ജോഡോ ന്യായ് യാത്രക്ക് ചെറിയ ഇടവേള നല്‍കിയാണ് രാഹുല്‍ വയനാട്ടിലേക്ക് പുറപ്പെടുക.

വയനാട്: വയനാടന്‍ ജനരോഷം ദേശീയ ശ്രദ്ധയിലേക്ക്. വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് പുറപ്പെടും. ഭാരത് ജോഡോ ന്യായ് യാത്രക്ക് ചെറിയ ഇടവേള നല്‍കിയാണ് രാഹുല്‍ വയനാട്ടിലേക്ക് പുറപ്പെടുക.

വരാണസിയിലാണ് ഭാരത് ജോഡോ ന്യായ് യാത്ര നിലവില്‍ എത്തിനില്‍ക്കുന്നത്. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് വരാണസിയില്‍ യാത്ര നിര്‍ത്തിവച്ച ശേഷമാകും രാഹുല്‍ വയനാട്ടിലേക്ക് പുറപ്പെടുകയെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് ജയ്‌റാം രമേശ് അറിയിച്ചു.

വയനാട്ടില്‍ തന്റെ സാന്നിധ്യം അടിയന്തരമായി ആവശ്യമാണെന്ന ബോധ്യമുള്ള രാഹുല്‍ ഗാന്ധിക്ക് ഇന്ന് വൈകുന്നേരം 5 മണിക്ക് വാരണാസിയില്‍ നിന്ന് വയനാട്ടിലേക്ക് പുറപ്പെടുമെന്നാണ് ജയ്‌റാം രമേശ് പറഞ്ഞത്. നാളെ ഉച്ചവരെ വയനാട്ടില്‍ നിന്ന ശേഷം ഭാരത് ജോഡോ ന്യായ് യാത്ര പുനഃരാരംഭിക്കാനായി 3 മണിക്ക് പ്രയാഗ്രാജിലേക്ക് രാഹുല്‍ തിരിച്ചെത്തും.

ALSO READ യുവരാജ് സിങ്ങിന്റെ അമ്മയുടെ വീട്ടില്‍ വന്‍ മോഷണം: രണ്ട് ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങളും 75,000 രൂപയും നഷ്ടമായി, ജോലിക്കാര്‍ക്കെതിരെ കേസ്

അതേസമയം, കാട്ടാന ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട പോളിന്റെയും അജീഷിന്റെയും വീടുകളില്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തും. കുറുവ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരായ പോള്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ വലിയ പ്രതിഷേധമാണുയര്‍ന്നത്. നൂറുകണക്കിന് ജനങ്ങളാണ് പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയത്.

Exit mobile version