ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദില്ലിയിലേക്ക് മാര്‍ച്ച് ചെയ്യുന്ന കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തുടങ്ങി. സംയുക്ത കിസാന്‍ മോര്‍ച്ചയും നിരവധി ട്രേഡ് യൂണിയനുകളും ചേര്‍ന്നാണ് ഗ്രാമീണ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് നാല് മണിവരെ ആണ് ബന്ദ്.
ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് നാലുവരെ രാജ്യത്തെ പ്രധാന റോഡുകളില്‍ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ റോഡ് ഉപരോധ സമരം സംഘടിപ്പിക്കും.
അതേസമയം കേരളത്തെ ഭാരത് ബന്ദ് ബാധിക്കില്ല. കടകള്‍ തുറന്നു പ്രവര്‍ത്തിക്കും. ജനജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള കടയടപ്പോ പണിമുടക്കോ ആരും പ്രഖ്യാപിച്ചിട്ടില്ല. കര്‍ഷകര്‍ നടത്തുന്ന സമരത്തിന് വ്യാപാരികളുടെ ധാര്‍മിക പിന്തുണ നല്‍കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് എസ് എസ് മനോജ് പറഞ്ഞു. എന്നാല്‍ ഇന്ന് ആഹ്വാനം ചെയ്തിരിക്കുന്ന ഭാരത ബന്ദിന്റെ പേരില്‍ കേരളത്തില്‍ കടകമ്പോളങ്ങള്‍ അടക്കില്ല എന്നും അദ്ദേഹം പറഞ്ഞു.