തിരുവനന്തപുരം: നേമം കാക്കാമൂലയില്‍ രണ്ടുവയസുകാരന്‍ ഡേ-കെയറില്‍ നിന്ന് ഒറ്റയ്ക്ക് ഇറങ്ങി ഓടിയ സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ നടപടി. രണ്ട് അധ്യാപകരെ പിരിച്ചുവിട്ടു. രണ്ടു പേര്‍ക്ക് താക്കീതും നല്‍കി. കഴിഞ്ഞ തിങ്കളാഴ്ചയാണ് കുട്ടി ഡേ കെയര്‍ അധികൃതര്‍ അറിയാതെ ഇറങ്ങി പോയത്.
കാക്കാമൂലയിലെ സോവര്‍ഹില്‍ ഡേ കെയറില്‍ നിന്നാണ് രണ്ട് വയസും നാല് മാസവും പ്രായമുള്ള കുട്ടി ഇറങ്ങി പോയത്. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിക്ക് കുട്ടി ഇറങ്ങി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. കാക്കാമൂല സ്വദേശി സുധീഷ് – അര്‍ച്ചന ദമ്പതികളുടെ മകനാണ് ഇറങ്ങിപ്പോയത്. പരിഭ്രമിച്ചാണ് ഓടുന്നതെങ്കിലും കുട്ടി കൃത്യമായി വീട്ടിലെത്തി.
മൂന്ന് അധ്യാപകരും ഒരു ആയയും ഡേ കെയറില്‍ ഉണ്ട്. അധ്യാപകര്‍ കുട്ടികളെ ആയയെ ഏല്‍പ്പിച്ച് കല്ല്യാണത്തിന് പോയ സമയത്താണ് കുട്ടി ഓടി പോയത്. കുട്ടിയെ ശ്രദ്ധിക്കാത്ത ഡേ കെയറിനെതിരെ രക്ഷിതാക്കള്‍ നേമം പോലീസിന് പരാതി നല്‍കി. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയാണ് ഷാന, റിനു എന്നീ അധ്യാപകരെ പിരിച്ചുവിട്ടത്. അധ്യാപികയായ ശ്രുതിയെയും ആയ ഇന്ദുലേഖയെയും താക്കീത് ചെയ്തു.