കോഴിക്കോട്: നാദാപുരം വളയത്ത് നിർമാണത്തിലിരുന്ന വീടിന്റ സൺ ഷേഡ് തകർന്ന് വീണുണ്ടായ അപകടത്തിൽ വീട്ടുടമയുടെ സഹോദരനും സുഹൃത്തും മരണപ്പെട്ട സംഭവത്തിൽ തോരാക്കണ്ണീർ. വീടിന്റെ ചുമർ തേക്കുന്നതിടെയാണ് തൊഴിലാളികളുടെ മേൽ സൺഷേയ്ഡ് തകർന്നുവീണത്. വളയം സ്വദേശികളായ വിഷ്ണു (29),നവജിത്ത് (35)എന്നിവരാണ് മരിച്ചത്. പരിക്കേറ്റ രണ്ടുപേർ ചികിത്സയിലാണ്.
ഇന്നലെ രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. കുറ്റിക്കാട് കുമ്മോട്ടുപൊയിൽ നിർമാണത്തിലിരുന്ന ഇരുനില വീടിന്റ സൺഷേഡാണ് താഴേ ഭിത്തി തേച്ചുകൊണ്ട് നിന്നിരുന്ന തൊഴിലാളികൾക്കുമേലെ പതിച്ചത്.
നാട്ടുകാരും അഗ്നിശമനസേനയും പോലീസും ചേർന്ന് ഏറെ പ്രയാസപ്പെട്ടാണ് ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. നാലുപേരെയും ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായില്ല
എട്ടു വർഷത്തെ പ്രണയത്തിന് ശേഷം ആലിച്ചേരിക്കണ്ടി വിഷ്ണുവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത് ഈയിടെയാണ്. വിവാഹത്തിനുള്ള ഒരുക്കത്തിനിടെയാണ് വിഷ്ണുവിന്റെ ജീവനെടുത്ത് പ്രണയദിനത്തിൽ അപകടമെത്തിയത്. ഈ ദുരന്തം ബന്ധുക്കളെയും സുഹൃത്തുക്കളെയും തകർത്തുകളഞ്ഞിരിക്കുകയാണ്.
ALSO READ- വയനാട്ടിലെ വന്യജീവി ശല്യം; സിസിഎഫ് റാങ്കിലുള്ള സ്പെഷല്‍ ഓഫീസറെ നിയമിക്കാന്‍ തീരുമാനം
മുൻപ് ഒരു അപകടത്തിൽ പരുക്കേറ്റ് ഏറെ നാളായി കാര്യമായ ജോലിക്കു പോകാൻ കഴിയാത്ത നിലയിലായിരുന്നു അപകടത്തിൽ മരിച്ച നവജിത്തും. സഹോദരൻ ശ്രീബേഷിന്റെ വീടിന്റെ നിർമാണമായതിനാലാണ് പരുക്കേറ്റ കാലുമായി നവജിത്ത് ഈ വീടിന്റെ ജോലിക്കെത്തിയത്. നവജിത്തിനു രണ്ടാമത്തെ കുഞ്ഞു ജനിച്ചിട്ടു 2 മാസം മാത്രമേ ആയിട്ടുള്ളൂ. കുഞ്ഞിനെ കണ്ട് കൊതി തീരും മുൻപെയാണ് നവജിത്തിന്റെ ജീവനും നഷ്ടപ്പെട്ടിരിക്കുന്നത്.
ഇരുവരുടെയും മൃതദേഹം ഒരു നോക്കു കാണാനായി ഏറെ രാത്രി വൈകിയും വൻജനാവലി ഒഴുകി എത്തുകയായിരുന്നു.ഗുരുതരമായി പരുക്കേറ്റ രജിൻ,ലിഖേഷ് എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post