മാനന്തവാടി: വയനാട്ടില്‍ വന്യജീവി ശല്യം രൂക്ഷമായതിന് പിന്നാലെ പരിഹാരമായി പുതിയ തീരുമാനം. വയനാട്ടില്‍ സിസിഎഫ് റാങ്കിലുള്ള സ്‌പെഷല്‍ ഓഫീസറെ നിയമിക്കാന്‍ തീരുമാനിച്ചു. പ്രത്യേക അധികാരങ്ങളോട് കൂടിയ ഓഫീസറെ ആയിരിക്കും നിയമിക്കുക.
വന്യജീവി ശല്യത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് നിയമനം നടത്തുന്നത്. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത വയനാട്ടിലെ ജനപ്രതിനിധികളുടെ യോഗത്തിലാണ് പുതിയ തീരുമാനം. രണ്ട് ആര്‍ആര്‍ടി ടീമിനെക്കൂടി നിയമിക്കുമെന്ന് യോഗത്തില്‍ അറിയിപ്പുണ്ട്.
കൂടാതെ, വന്യ ജീവി ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് സ്വകാര്യ ആശുപത്രിയിലും സൗജന്യ ചികിത്സ നല്‍കാനും യോഗത്തില്‍ തീരുമാനമായി. അതേസമയം കാട് പിടിച്ചു കിടക്കുന്ന സ്വകാര്യ എസ്റ്റേറ്റുകള്‍ വൃത്തിയാക്കണമെന്ന് ജനപ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.