തിരുവനന്തപുരം: നേമത്ത് ഡേ കെയറില്‍ നിന്ന് രണ്ടുവയസുകാരന്‍ ഒറ്റയ്ക്ക് വീട്ടിലേക്ക് നടന്നെത്തി. കുട്ടി ഇറങ്ങിപ്പോയത് ഡേ കെയര്‍ അധികൃതര്‍ അറിഞ്ഞില്ല. സംഭവത്തില്‍ ഡേ കെയര്‍ അധികൃതര്‍ക്കെതിരെ പരാതിയുമായി കുട്ടിയുടെ മാതാപിതാക്കള്‍ രംഗത്തെത്തി. സംഭവത്തില്‍ നേമം പോലീസ് കേസെടുത്തു.
തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡേ കെയറിന്റെ തുറന്നുകിടന്ന ഗേറ്റിലൂടെ രണ്ട് വയസ്സുകാരന്‍ റോഡിലൂടെ ഒറ്റയ്ക്ക് നടന്ന് ഒന്നര കിലോമീറ്റര്‍ അകലെയുള്ള വീട്ടിലെത്തുകയായിരുന്നു.
നേമം കല്ലിയൂര്‍ കാക്കമൂലയില്‍ താമസിക്കുന്ന അര്‍ച്ചനയുടെ മകന്‍ അങ്കിത്ത് സുധീഷാണ് കാക്കമൂലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്‌കൂളില്‍നിന്ന് വിജനമായ റോഡിലൂടെ ഒറ്റയ്ക്കു നടന്ന് വീട്ടില്‍ എത്തിയത്. അങ്കിത് വീട്ടിലെത്തിയ ശേഷം വീട്ടുകാര്‍ വിവരം അറിയിച്ചപ്പോഴാണ് ഡേ കെയര്‍ അധികൃതര്‍ വിവരം അറിയുന്നത്.
അതേസമയം, ഉച്ചഭക്ഷണ സമയത്ത് കുട്ടികളെ പുറത്തിറക്കിയപ്പോള്‍ സംഭവിച്ചതാണെന്നാണ് ഡേ കെയര്‍ അധികൃതര്‍ പറയുന്നത്. ആ സമയത്ത് കുട്ടികളെ നോക്കാന്‍ ഒരു ജീവനക്കാരി മാത്രമെ ഉണ്ടായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.
എന്നാല്‍ ജീവനക്കാരുടെ എണ്ണം കുറവാണെങ്കിലും കൊച്ചുകുഞ്ഞുങ്ങള്‍ പഠിക്കുന്ന സ്‌കൂളില്‍ ഗേറ്റ് പൂട്ടി സുരക്ഷിതമാക്കാത്തതില്‍ പരാതി ഉയര്‍ന്നിട്ടുണ്ട്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും വിവരം അറിയിച്ചു.