കൊല്ലം: കാറിടിച്ച് പരുക്കേറ്റ മുള്ളന്‍പന്നിയെ കറിവച്ച് കഴിച്ച ആയുര്‍വേദ ഡോക്ടര്‍ വനപാലകരുടെ പിടിയില്‍. കൊല്ലം ജില്ലയിലെ വാളകത്താണ് സംഭവം. വാളകം സ്വദേശിയായ ഡോക്ടര്‍ പി.ബാജിയെയാണ് പിടിയിലായത്.
ഡോക്ടറുടെ വാഹനവും അഞ്ചലിലെ വനം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്. പുലര്‍ച്ചെ വെറ്റില വില്‍ക്കാനായി കൊട്ടാരക്കരയിലേക്കു പോകുമ്പോഴാണ് ഡോക്ടര്‍ ഓടിച്ച വാഹനം മുള്ളന്‍പന്നിയെ ഇടിച്ചത്.
also read:ഇടുക്കിയില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം, ഒരാള്‍ക്ക് പരിക്ക്
വാളകം മേഴ്‌സി ആശുപത്രിക്കു സമീപത്തു വച്ചായിരുന്നു സംഭവം. പരിക്കേറ്റ മുള്ളന്‍പന്നിയെ ഡോക്ടര്‍ വാഹനത്തിലിട്ട് വീട്ടിലെത്തിച്ച് കൊന്ന ശേഷം കറിവയ്ക്കുകയായിരുന്നു.
വിവരം അറിഞ്ഞെത്തിയ അഞ്ചല്‍ വനം റേഞ്ച് ഓഫിസര്‍ അജികുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മുള്ളന്‍പന്നിയെ കറിവച്ചതായി കണ്ടെത്തിയത്.
പരിശോധനയ്ക്കായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ അടുപ്പില്‍ കറി തയാറായി കൊണ്ടിരിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മുള്ളന്‍ പന്നിയുടെ അവശിഷ്ടങ്ങളും വീട്ടുപരിസരത്തു നിന്ന് കണ്ടെത്തി.