കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ നല്‍കിയ സിസ്റ്റര്‍ ലൂസിക്കെതിരെ ദീപികയില്‍ ലേഖനം. പൊതുസമൂഹത്തിന് മുന്നില്‍ കന്യാസ്ത്രീ സമൂഹത്തെ വീണ്ടും അപഹാസ്യ വിഷയം ആക്കിയെന്ന് ലേഖനത്തിലൂടെ കുറ്റപ്പെടുത്തുന്നു.
‘വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ അവിടെ പ്രസംഗിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും മാധ്യമങ്ങളില്‍ ലേഖനങ്ങളായി നല്‍കുകയും ചെയ്തതിനെത്തുടര്‍ന്നാണ് ഇവര്‍ മാധ്യമശ്രദ്ധയിലേക്കു വരുന്നത്. ചില ചാനലുകള്‍ പ്രത്യേക താത്പര്യമെടുത്തു ചാനല്‍ റേറ്റിംഗ് മുന്നില്‍ക്കണ്ടു കന്യാസ്ത്രീയെ ഉപകരണമാക്കി മാറ്റി എന്നതാണ് സത്യമെന്ന് ‘സിസ്റ്ററുടെ പേരെടുത്ത് പറയാതെ പറയുന്നു.
‘അടുത്ത കാലത്തു ക്രൈസ്തവ സഭാനേതൃത്വത്തെയും പൗരോഹിത്യത്തെയും അടിസ്ഥാനമില്ലാതെയും കേട്ടുകേള്‍വികളുടെ മാത്രം വെളിച്ചത്തിലും അശ്ലീലം കലര്‍ന്ന പദങ്ങളുപയോഗിച്ചും വിമര്‍ശിക്കുന്നതിനും സമൂഹമാധ്യമങ്ങളിലൂടെ അവ പ്രചരിപ്പിക്കുന്നതിനും ഏവരും മൂകസാക്ഷികളാണ്. ഏറ്റവുമൊടുവില്‍ ഈ കന്യാസ്ത്രീ സന്യാസ വസ്ത്രം മാറ്റി ചുരിദാര്‍ ധരിച്ചു വളരെ വികലമായ ആക്ഷേപവും ഉന്നയിച്ചു സ്വന്തം ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതും മാധ്യമ ശ്രദ്ധയില്‍ വന്നുവെന്നും’ ലേഖനത്തില്‍ പറയുന്നു.