ചലച്ചിത്ര പുരസ്‌കാരത്തില്‍നിന്ന് ഇന്ദിരാഗാന്ധിയുടെ പേര് ഒഴിവാക്കിയതിന് പിന്നില്‍ പ്രിയദര്‍ശന്റെ ബുദ്ധി: കുറ്റപ്പെടുത്തി കെടി ജലീല്‍

തിരുവനന്തപുരം: നിയമസഭയില്‍ ചലച്ചിത്ര സംവിധായകന്‍ പ്രിയദര്‍ശനെതിരേ വിമര്‍ശനവുമായി മുന്‍മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീല്‍. ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍നിന്ന് ഇന്ദിരാഗാന്ധിയുടെ പേരൊഴിവാക്കിയതിന് പിന്നില്‍ പ്രിയദര്‍ശന്റെ ബുദ്ധിയാണെന്ന് അദ്ദേഹം ബജറ്റ് ചര്‍ച്ചയില്‍ സംസാരിക്കവെ ആരോപിച്ചു.

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ നിന്ന് മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരൊഴിവാക്കിയത് കഴിഞ്ഞദിവസമാണ്. ആ സമിതിയിലുള്ള ഏക മലയാളിയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. ഇന്ദിരയെ ഒഴിവാക്കിയത് പ്രിയദര്‍ശന്റെകൂടി ബുദ്ധിയാണ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചോയെന്നും ജലീല്‍ ചോദ്യം ചെയ്തു.

ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍ പരിഷ്‌കരിക്കുന്നതിനായി വാര്‍ത്താവിതരണമന്ത്രാലയം ചുമതലപ്പെടുത്തിയ സമിതിയാണ് പുതിയ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചത്. ഇത് അനുസരിച്ച് നവാഗതസംവിധായകന്റെ ചിത്രത്തിനുള്ള ഇന്ദിരാഗാന്ധി പുരസ്‌കാരത്തിന്റെ പേര് ഇനി വെറും നവാഗതസംവിധായകചിത്രത്തിനുള്ള പുരസ്‌കാരം എന്നായിരിക്കും.

ALSO READ- അബുദാബി ക്ഷേത്രത്തില്‍ പ്രതിഷ്ഠാ ചടങ്ങുകള്‍ തുടങ്ങി: നരേന്ദ്ര മോഡി ഉദ്ഘാടനം നിര്‍വഹിക്കും; മാര്‍ച്ചില്‍ ക്ഷേത്രം വിശ്വാസികള്‍ക്കായി തുറന്ന് കൊടുക്കും

ദേശീയോദ്ഗ്രഥനത്തിനുള്ള മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിന്റെ പേരില്‍നിന്ന് വിഖ്യാതനടിയായിരുന്ന നര്‍ഗീസ് ദത്തിന്റെ പേരും ഒഴിവാക്കിയിട്ടുണ്ട്. വാര്‍ത്താവിതരണമന്ത്രാലയം അഡീഷണല്‍ സെക്രട്ടറി നീരജാ ശേഖറിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് ഈ തീരുമാനം കൈക്കൊണ്ടത്. സംവിധായകരായ പ്രിയദര്‍ശന്‍, വിപുല്‍ ഷാ, ഹൗബം പബന്‍ കുമാര്‍, സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പ്രസൂണ്‍ ജോഷി, ഛായാഗ്രാഹകന്‍ എസ് നല്ലമുത്തു തുടങ്ങിയവരാണ് സമിതി അംഗങ്ങള്‍.

Exit mobile version