തിരുവനന്തപുരം: തിരുവല്ലത്ത് സ്‌കൂൾ ബസിൽ നിന്നും റോഡിലേക്ക് തെറിച്ചു വീണ് രണ്ടാം ക്ലാസുകാരന് തലയ്ക്ക് പരിക്കേറ്റു. തിരുവല്ലത്തുള്ള സ്വകാര്യ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി ഇവാൻ ആൻജോയ്ക്കാണ് പരിക്കേറ്റത്. കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് കുട്ടിക്ക് ചികിത്സ നൽകി. ഇവാൻ ആൻജോയുടെ തലയിൽ മൂന്ന് തുന്നലുണ്ട്.
സ്‌കൂൾ കഴിഞ്ഞ് ചൊവ്വാഴ്ച ഉച്ചയ്ക്ക് സ്‌കൂൾ ബസിൽ പൂഴിക്കുന്നിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പാപ്പനംകോട്-മലയിൻകീഴ് റോഡിൽ എസ്റ്റേറ്റിന് സമീപത്തു വെച്ചാണ് അപകടമുണ്ടായത്. എസ്റ്റേറ്റിൽ ബസ് നിർത്തിയപ്പോൾ പെട്ടെന്ന് വീടിനടുത്തെത്തിയെന്ന് വിചാരിച്ച് സീറ്റിൽ നിന്ന് എണീറ്റ് ഡോറിനടുത്തേയ്ക്ക് കുട്ടി നടക്കുകയായിരുന്നു. ഈ സമയത്ത് ബസ് മുന്നോട്ട് എടുക്കുകയും ശരിയായി അടയാതിരുന്ന വാതിലിലൂടെ കുട്ടി റോഡിലേയ്ക്ക് തെറിച്ചു വീഴുകയുമായിരുന്നു.
കുട്ടികൾ പതിവായി വരുന്ന ബസിന് കേടായതിനാൽ മറ്റൊരു ബസാണ് സ്‌കൂൾ അധികൃതർ അയച്ചിരുന്നത്. ഈ ബസിന്റെ വാതിൽ ശരിയായ രീതിയിൽ പ്രവർത്തിച്ചിരുന്നില്ലെന്നാണ് ആക്ഷേപം. റോഡിന്റെ വളവിൽ വാഹനം നിർത്തിയതും അപകടകരമാണെന്ന് നാട്ടുകാർ പറഞ്ഞു.
സ്‌കൂൾ ബസുകൾക്ക് ഉയർന്ന ഫീസ് ഈടാക്കുന്ന സ്‌കൂളുകൾ മതിയായ സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച വരുത്തുന്നതായി പരാതിയുണ്ട്. ബസിലുണ്ടായിരുന്ന സഹായി വാതിലിന്റെ അടുത്തുണ്ടായിരുന്നില്ലെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചു. സ്‌കൂൾ ജീവനക്കാരുടെ അശ്രദ്ധയിൽ കുട്ടിക്ക് പരിക്ക് പറ്റിയതിനെ തുടർന്ന് ബാലാവകാശ കമ്മീഷനിലും പോലീസിലും പരാതി നൽകുമെന്ന് മാതാപിതാക്കൾ പറഞ്ഞു.
Discussion about this post