കണ്ണൂര്‍: കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂരില്‍ നിന്ന് മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു. മൃഗശാലയിലേക്ക് കൊണ്ട് പോകുന്ന വഴിയാണ് കടുവ ചത്തത്.
മൃതദേഹം പൂക്കോട് വെറ്ററിനറി മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. കൊട്ടിയൂര്‍ പന്നിയാംമലയില്‍ കമ്പി വേലിയില്‍ കുടുങ്ങിയ നിലയിലായിരുന്നു കടുവ കണ്ടെത്തിയത്.
10 വയസുള്ള ആണ്‍കടുവയായിരുന്നു ഇത്. പുലര്‍ച്ചെ നാല് മണിക്ക് റബ്ബര്‍ ടാപ്പിങ്ങിനായി പോയ തൊഴിലാളിയാണ് റോഡരികില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കമ്പി വേലിയില്‍ കുടുങ്ങിയ നിലയില്‍ കടുവയെ കണ്ടത്.
കടുവയുടെ മുന്‍ കാലുകളിലൊന്ന് കമ്പി വേലിയില്‍ കുരുങ്ങിയ നിലയിലായിരുന്നു. വേദനകൊണ്ട് പുളഞ്ഞ് അലറുകയായിരുന്നു കടുവ. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ സ്ഥലത്തെത്തി മയക്കുവെടി വെക്കുകയായിരുന്നു.
Discussion about this post