മലപ്പുറം: മത്സ്യബന്ധനത്തിന് പോയി ആഴകടലില്‍ കുടുങ്ങിയ ആറ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി ഫിഷറീസ് വകുപ്പിന്റെ സീ
റെസ്‌ക്യൂ ടീം. ചാവക്കാട് ലൈറ്റ് ഹൗസില്‍ നിന്നും എട്ട് നോട്ടിക്കല്‍ മൈല്‍ അകലെ വടക്ക് പടിഞ്ഞാറ് കടലിലാണ് ബോട്ടിന്റെ എഞ്ചിന്‍ തകരാറിലായത്.
കടലില്‍ ബോട്ട് എഞ്ചിന്‍ തകരാറിലായി മത്സ്യത്തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ എം.എഫ് പോളിന് സന്ദേശം ലഭിക്കുകയായിരുന്നു. ഉടനെ തന്നെ മുനക്കകടവ് ഭാഗത്തുള്ള സീ റെസ്‌ക്യൂ ബോട്ട് അങ്ങോട്ട് തിരിച്ച് ബോട്ടിനെ കെട്ടിവലിച്ച് കരയിലെത്തിച്ചു. പൊന്നാനി സ്വദേശി അബ്ദുള്ളക്കുട്ടി എന്നയാളുടെ ഉടമസ്ഥതയിലുളള ഭാരത് എന്ന ബോട്ടിലെ മത്സ്യ തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്.
അഴീക്കോട് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍മാരായ വി.എം ഷൈബു, വി.എന്‍ പ്രശാന്ത് കുമാര്‍, ഇ.ആര്‍ ഷിനില്‍ കുമാര്‍, ഫിഷറീസ് സീ റെസ്‌ക്യൂ ഗാര്‍ഡുമാരായ പ്രമോദ്, അജിത്ത്, ബോട്ട് സ്രാങ്ക് റഷീദ്, ഡ്രൈവര്‍ മുഹമ്മദ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.