കൊല്ലം: മലയാളി കുടുംബം യുഎസിലെ കലിഫോര്‍ണിയയില്‍ മരിച്ച നിലയില്‍. സാന്‍ മറ്റേയോയില്‍ താമസിക്കുന്ന കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഫാത്തിമാമാതാ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പട്ടത്താനം വികാസ് നഗര്‍ 57ല്‍ ഡോ.ജി.ഹെന്റിയുടെ മകന്‍ ആനന്ദ് സുജിത് ഹെന്റി (42), ഭാര്യ ആലീസ് പ്രിയങ്ക (40), ഇരട്ടക്കുട്ടികളായ നോഹ, നെയ്തന്‍ (4) എന്നിവരാണ് മരിച്ചത്.
തണുപ്പിനെ പ്രതിരോധിക്കാനായി ഉപയോഗിച്ച ഹീറ്ററില്‍നിന്നുയര്‍ന്ന വാതകം ശ്വസിച്ചതാകാം മരണകാരണമെന്ന് ബന്ധുക്കള്‍ സംശയിക്കുന്നു. എന്നാല്‍ മരണകാരണം വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായിട്ടില്ല.
അമേരിക്കന്‍ സമയം 12ന് രാവിലെ 9.15നാണ് (ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാത്രി 7.45ന്) പൊലീസ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആനന്ദ് അടുത്തിടെയാണ് ഗൂഗിളില്‍ ജോലി ചെയ്യുകയായിരുന്ന ജോലി രാജിവച്ചു സ്റ്റാര്‍ട്ടപ് തുടങ്ങിയത്. ആലീസ് പ്രിയങ്ക സീനിയര്‍ അനലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു.