ടിക്ടോകിലെ താരങ്ങളാണ് അമ്മാമ്മയും കൊച്ചുമോനും. ടിവി റിമോട്ടിന് ഒമ്പതില്‍ക്കൂടി പൂച്ച ചാടുന്ന ബാറ്ററി വേണമെന്ന് പറഞ്ഞ് സോഷ്യല്‍മീഡിയയെ ഞെട്ടിച്ചതിലൂടെയും സോഷ്യല്‍ മീഡിയയിലെ സൂപ്പര്സ്റ്റാറുകളായിരിക്കുകയാണ്.
എറണാകുളം ജില്ലയിലെ പറവൂരിലെ ചിറ്റാറ്റുകാരിയാണ് അമ്മാമ്മ, പേര്
മേരി ജോസഫ് മാമ്പിള്ളി. കൊച്ചുമോന് ജിന്സണ്. പ്രവാസിയാണ് ജിന്സണ്. ലീവിന് നാട്ടില്‍ വന്നപ്പോള്‍ എടുത്ത വീഡിയോകളാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലായത്. അമ്മാമയുടെ എനര്‍ജി കണ്ട് അതിശയിക്കാത്ത ആരും താനെയുണ്ടാകില്ല.
എണ്‍പത്തിയഞ്ചുകാരി അമ്മാമ സാധാരണ കുടുംബത്തിലെ അച്ചായത്തിയാണ്.’റിമോട്ടിനൊരു ബാറ്ററി വാങ്ങിക്കണം എനിക്കിപ്പോ…സീരിയല്‍ കാണാനാണ്. പിന്നേയ് ബാറ്ററിയേ..ആ ഒമ്പതില്‍ കൂടി പൂച്ച ചാടണതായിക്കണംകേട്ടാ…”ഒമ്പതീക്കുടി പൂച്ച ചാടണതാ അതേത് ബാറ്ററി?’ അമ്മാമ്മയുടെ വര്‍ത്താനം കേട്ട് കൊച്ചുമകനങ്ങനെ അന്തിച്ച് നില്‍ക്കുകയാണ്. പുള്ളിക്കാരി ഉദ്ദേശിച്ചത് എവറെഡിയുടെ ബാറ്ററിയാണെന്ന് തിരിച്ചറിയുമ്പോഴേക്കും സോഷ്യല്‍മീഡിയയില്‍ ചിരിപൊട്ടുകയാണ്.
‘അമ്മാമ്മ ഞങ്ങടെ ചങ്കാണ് ചേട്ടാ…സുഖത്തിലും ദുഖത്തിലും കളിതമാശകളിലുമൊക്കെ അവര്‍ ഞങ്ങടെ കൂടെയുണ്ടാകും. പലരും അവരവരുടെ കൂട്ടുകാരെയൊക്കെ കൂട്ടിയല്ലേ ടിക് ടോക് വിഡിയോകള്‍ ചെയ്യുന്നത്. ഇവിടെ ഞാനും അതേ ചെയ്യുന്നുള്ളൂ. പുള്ളിക്കാരി എന്റെ ചങ്കാണ്…കട്ട ചങ്ക്’ ഒരു കള്ളച്ചിരിയോടെ ജിന്സണ് അമ്മാമ്മയെ പരിചയപ്പെടുത്തുകയാണ്.
സാധാരണ എല്ലാവരും സിനിമാ ഡയലോഗുകളും ഗാനങ്ങളുമൊക്കെ കോര്ത്തിണക്കിയല്ലേ ടിക് ടോക് ചെയ്യുന്നത്. ഞങ്ങളും അങ്ങനെ തന്നെയായിരുന്നു. ഇടയ്ക്കെപ്പെഴോ മുത്തശ്ശി ഫ്രെയിമിലേക്ക് വന്നപ്പോഴാണ് ഇങ്ങനെയൊരു ഐഡിയ തലയില്‍ മിന്നിയത്. ‘ചന്ദനക്കുറി നീയണിഞ്ഞതില്‍ എന്റെ പേര് പതിഞ്ഞില്ലേ’ എന്ന പാട്ടിലൂടെ ഞങ്ങള്‍ അമ്മാമ്മയുടെ ടിക് ടോക് അരങ്ങേറ്റം നടത്തി. അമ്മാമ്മയുടെ കള്ളച്ചിരിയും ഭാവങ്ങളുമൊക്കെയായപ്പോള് സംഗതി അടിപൊളിയായി.
ആ വീഡിയോ വലിയ ഓളമൊന്നും ഉണ്ടാക്കിയില്ലെങ്കിലും സംഗതി അത്യാവശ്യം കളറായെന്നു വേണം കരുതാന്‍. പിന്നീടങ്ങോട്ട് പൊളിക്കാന്‍ അതു തന്നെ ധാരാളമായിരുന്നു. സാധാരണ എല്ലാവരും അമ്മാമ്മമാരേയും അച്ഛനമ്മമാരേയും ഉള്‍പ്പെടുത്തി വിഡിയോകള്‍ ചെയ്യാറുള്ളതല്ലേ.
അല്പമൊരു വെറൈറ്റി പരീക്ഷിക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചതും അതേ ചിന്തയാണ്. നമ്മുടെയൊക്കെ ജീവിതത്തില്‍ നടക്കുന്ന കുഞ്ഞ് കുഞ്ഞ് രസകരമായ മുഹൂര്‍ത്തങ്ങള്‍, മുതിര്‍ന്നവരുടെ നിഷ്ക്കളങ്കമായ മറുപടികള്‍, അമ്മാമ്മയുടെ കുഞ്ഞ് ഉപദേശങ്ങള്‍ എന്നിവ ലൈവായി അവതരിപ്പിച്ചു തുടങ്ങിയപ്പോഴേക്കും ഞങ്ങള്‍ ട്രാക്കിലായി. സംഭവം വേറെ ലെവലായി മാറി തുടങ്ങിയത് അവിടെ നിന്നാണ്.
സൂചിയില്‍ നൂലുകോര്‍ക്കുന്ന വിഡിയോയും, ടിവി റിമോട്ടിന് ഒമ്പതില്‍ക്കൂടി പൂച്ച ചാടുന്ന ബാറ്ററി വേണമെന്നു പറഞ്ഞ രംഗവും, ഖത്തര്‍ കുഴിമന്തിയെ അമ്മാമ്മ ക്വാര്‍ട്ടര്‍ കുഴിമന്തിയാക്കിയതുമെല്ലാം അതില്‍ ചിലത് മാത്രം. കടംകൊള്ളുന്ന വീഡിയോയെക്കാളും ജീവിതത്തില്‍ സംഭവിക്കുന്ന ഇത്തരം മുഹൂര്‍ത്തങ്ങള്‍ക്ക് ടിക് ടോക് രൂപം നല്കുന്നതോടു കൂടിയാണ് ഞാനും അമ്മാമ്മയും വൈറലായി തുടങ്ങുന്നത്.
വൈറലാകണം എന്ന ഉദ്ദേശ്യത്തോടെ ഞങ്ങള്‍ ഒന്നും പങ്കുവച്ചിട്ടില്ല. പക്ഷേ പല പ്രകടനങ്ങളും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും വാട്സ്ആപ്പിലുമെല്ലാം പറന്നു നടന്നു. ഞാനും അമ്മാമ്മയും വൈറലാകാന്‍ ഇതൊക്കെ തന്നെ പോരേ. വൈറലായതിനു പിന്നാലെ ഇരിക്കപ്പൊറുതിയില്ലാത്ത വിധം അഭിനന്ദന കോളുകള്‍ എത്തിയിട്ടുണ്ട്. സമ്മാനങ്ങള്‍ വേറെയും.
സായ എന്നു പേരുള്ളൊരു ചേട്ടന് അമ്മാമ്മയ്ക്ക് ക്രിസ്മസിന് കേക്ക് അയച്ചു തന്നിരുന്നു. എബി എന്നൊരു ചേട്ടന് അമ്മാമ്മയെക്കുറിച്ച് അറിഞ്ഞ് കാണാന്‍ നേരിട്ടെത്തിയിരുന്നു. അങ്ങനെ മനസിന് സന്തോഷം നല്കുന്ന എത്രയോ സന്ദര്‍ശനങ്ങള്‍. ഫോണ്‍കോളുകള്‍…എല്ലാവരോടും സ്നേഹം മാത്രം.
എന്നാലിപ്പോള്‍ ആരാധകരെ നിരാശപ്പെടുത്തുന്ന ഒരു വാര്‍ത്തയുമായാണ് കൊച്ചുമോന് പുതിയ വീഡിയോയില്‍ എത്തിയിരിക്കുന്നത്. പ്രവാസിയായ ജിന്‍സന്റെ ലീവ് അവസാനിച്ചു. അമ്മാമ്മയെ തനിച്ചാക്കി കൊച്ചുമകന് തിരികെ പോകുകയാണ്. ആരാധകരെ കുറച്ചൊന്നുമല്ല ഈ വാര്‍ത്ത വേദനിപ്പിച്ചിരിക്കുന്നത്. അമ്മാമ്മ മേരിയും കൊച്ചുമകനും ഒന്നിക്കുന്ന വീഡിയോയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
Discussion about this post