തൃപ്പൂണിത്തുറയില്‍ ക്ഷേത്രത്തിന് സമീപം ചൂരക്കാട് പടക്കക്കടയില്‍ ഉഗ്രസ്ഫോടനം; മൂന്ന്‌പേര്‍ക്ക് ഗുരുതര പരിക്ക്

കൊച്ചി: തൃപ്പൂണിത്തുറയില്‍ പുതിയകാവ് ക്ഷേത്രത്തിന് സമീപം ചൂരക്കാട് പടക്കക്കടയില്‍ ഉഗ്രസ്ഫോടനം. അപകടത്തില്‍ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. രാവിലെ പതിനൊന്ന് മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. പടക്കക്കട പൂര്‍ണമായും തകര്‍ന്നു. പുതിയകാവ് ക്ഷേത്രോത്സവത്തിനായി എത്തിച്ച പടക്കത്തിന് തീപിടിച്ചാണ് സ്ഫോടനം ഉണ്ടായത്.

പാലക്കാട് നിന്ന് കൊണ്ടുവന്ന പടക്കം ടെമ്പോ ട്രാവലറില്‍നിന്ന് ഇറക്കി അടുത്തുള്ള കോണ്‍ക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്.ഈ സ്ഫോടനത്തിന്റെ അവശിഷ്ടങ്ങള്‍ 400 മീറ്റര്‍വരെ അകലേക്ക് തെറിച്ചുവീണു. സമീപത്തെ വീടുകളിലേക്കും പതിച്ചിട്ടുണ്ട്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ ഇരുപതോളം വീടുകള്‍ക്ക് കേടുപാടുകളും പറ്റി.

ALSO READ- വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, വയനാട്ടില്‍ ‘ബേലൂര്‍ മഗ്ന’യ്ക്കായുള്ള തെരച്ചില്‍ ഊര്‍ജിതം

സമീപത്തെ രണ്ട് വാഹനങ്ങള്‍ കത്തിനശിച്ചതായും റിപ്പോര്‍ട്ടുണ്ട്. നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലറും കാറും പൂര്‍ണമായും കത്തി നശിച്ചു. ടെമ്പോ ട്രാവലര്‍ ജീവനക്കാരായ മൂന്ന് പേര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആറുയൂണിറ്റ് ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് തീ പടരുന്നത് നിയന്ത്രണവിധേയമാക്കിയത്.

Exit mobile version