മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ വെടിഞ്ഞ മാനന്തവാടിയിലെ കർഷകനും ട്രാക്ടർ ഡ്രൈവറുമായ അജീഷിന് നാടിന്റെ അന്ത്യാഞ്ജലി. വീട്ടിലെ സംസ്‌കാര ശുശ്രൂഷകൾക്ക് ശേഷം മാനന്തവാടി അൽഫോൺസ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകൾ. പൊട്ടിക്കരച്ചിലുകൾകൊണ്ട് മുഖരിതമായ അന്തരീക്ഷത്തിലാണ് അജീഷിന്റെ സംസ്‌കാര ചടങ്ങുകൾ നടന്നത്.
ഭാര്യയുടേയും വിദ്യാർത്ഥികളായ മക്കളുടേയും സഹോദരങ്ങളുടേയും നെഞ്ചുതകർന്നുള്ള നിലവിളി കൂടിനിന്നവരേയും കണ്ണീരണിയിച്ചു. അജീഷിനെ അവസാനമായി ഒരുനോക്കുകാണാനായി നാട്ടുകാരും ഒഴുകിയെത്തിയതോടെ വലിയ ജനാവലിയുടെ അകമ്പടിയോടെയായിരുന്നു പള്ളിയിലേക്കുള്ള വിലാപയാത്ര.
ജനവാസ മേഖലയിലേക്ക് ഇറങ്ങിയ കാട്ടാന ശനിയാഴ്ച രാവിലെ 7.10-ഓടെയാണ് മാനന്തവാടിക്ക് സമീപം ചാലിഗദ്ദയിൽ വീട്ടുമുറ്റത്തേക്ക് പാഞ്ഞെത്തി അജീഷിനെ ചവിട്ടിക്കൊന്നത്. ആനയെക്കണ്ട് അജീഷ് സമീപത്തുള്ള പായിക്കണ്ടത്തിൽ ജോമോന്റെ വീട്ടിലേക്ക് പ്രാണരക്ഷാർത്ഥം ഓടിക്കയറിയെങ്കിലും പിന്തുടർന്നെത്തിയ ആന, വീട്ടിലേക്കുള്ള പടവുകൾ കയറി ഗേറ്റ് പൊളിച്ചെത്തിയാണ് അജീഷിനെ ചുഴറ്റിയെറിഞ്ഞശേഷം ചവിട്ടിയത്.
also read- അജീഷിന്റെ കുടുംബത്തിന് കൈത്താങ്ങുമായി മാനന്തവാടി രൂപത; 10 ലക്ഷം രൂപ ധനസഹായം നല്‍കും
അതേസമയം, ബേലൂർ മഖ്‌ന എന്ന ഈ മോഴയാനയെ പിടികൂടാനുള്ള ദൗത്യസംഘത്തിന്റെ നീക്കം പരാജയപ്പെട്ടിരിക്കുകയാണ്. നിലവിൽ മണ്ണുണ്ടി വനത്തിലുള്ള ആന കൂടുതൽ ഉൾവനത്തിലേക്ക് നീങ്ങിയതോടെ മയക്കുവെടി വെയ്ക്കാനുള്ള നീക്കം താൽക്കാലികമായി ഉപേക്ഷിക്കുകയായിരുന്നു. ബാവലി പുഴയുടെ തീരത്ത് വെച്ച് ആനയുടെ ട്രാക്കിങ് നഷ്ടപ്പെടുകയും ചെയ്തു. കർണാടക അതിർത്തിയിലേക്ക് ആന നീങ്ങിയെന്നാണ് സംശയം.