അജീഷിന്റെ കുടുംബത്തിന് കൈത്താങ്ങുമായി മാനന്തവാടി രൂപത; 10 ലക്ഷം രൂപ ധനസഹായം നല്‍കും

മാനന്തവാടി: കഴിഞ്ഞദിവസം കാട്ടാന ആക്രമണത്തില്‍ മരിച്ച പടമല സ്വദേശി അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മാനന്തവാടി രൂപത സാമൂഹ്യ സേവന വിഭാഗം. മാനന്തവാടി രൂപതയുടെ സാമൂഹ്യ സേവന പ്രവര്‍ത്തങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും ബയോവിന്‍ അഗ്രോ റിസേര്‍ച്ചും ചേര്‍ന്നാണ് കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുക.

അജീഷിന്റെ വിദ്യാര്‍ത്ഥികളായ രണ്ട് കുട്ടികളുടെയും പേരില്‍ അഞ്ചുലക്ഷം രൂപ വീതം മാനന്തവാടിയിലെ ദേശസാത്കൃത ബാങ്കില്‍ ഫിക്‌സഡ് ഡിപ്പോസിറ്റായി ഇടുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ രാവിലെയാണു കാട്ടാനയുടെ ആക്രമണത്തില്‍ ട്രാക്ടര്‍ ഡ്രൈവറായ പടമല പനച്ചിയില്‍ അജീഷ് (47) കൊല്ലപ്പെട്ടത്. മതില്‍ പൊളിച്ചെത്തിയ ആന അജീഷിനെ ആക്രമിക്കുകയായിരുന്നു.

also read-മോഴയാന കൊടുംകാട്ടിലേക്ക് നീങ്ങി; കര്‍ണാടക അതിര്‍ത്തിയിലേക്ക്, മിഷന്‍ ബേലൂര്‍ മഖ്‌ന നീട്ടി വെച്ചേക്കും?

വാര്‍ത്താ സമ്മേളനത്തതില്‍ ബയോവിന്‍ അഗ്രോ റിസര്‍ച് ചെയര്‍മാന്‍ കം മാനേജിങ്ങ് ഡയറക്ടര്‍ റെവ.ഫാ. ജോണ്‍ ചൂരപ്പുഴയില്‍, വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റെവ.ഫാ.ജിനോജ് പാലത്തടത്തില്‍, ബയോവിന്‍ ജനറല്‍ മാനേജര്‍ റെവ.ഫാ.ബിനു പൈനുങ്കല്‍, മാനന്തവാടി രൂപത പിആര്‍ഒ റെവ.ഫാ.നോബിള്‍ പാറക്കല്‍, പ്രോഗ്രാം ഓഫിസര്‍ ജോസ്.പി.എ, ബയോവിന്‍ പര്‍ചൈസ് മാനേജര്‍ ഷാജി കുടക്കച്ചിറ എന്നിവര്‍ പങ്കെടുത്തു.

Exit mobile version