സ്ത്രീകള്‍ക്ക് ഏത് സമയത്തും സ്വതന്ത്രമായി പോകാന്‍ കഴിയുന്ന ഒരിടമാകണം ശബരിമല! വേഷം മാറി പോകുന്നതിനോട് യോജിപ്പില്ല; പുന്നല ശ്രീകുമാര്‍

തിരുവനന്തപുരം: വേഷം മാറി ശബരിമലയില്‍ പോയി, തിരിച്ചെത്തിയ ശേഷം തന്റെ പ്രായം വെളിപ്പെടുത്തുന്നത് കബളിപ്പിക്കലാണെന്ന് കേരള പുലയര്‍ മഹാസഭയുടെ ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. സ്ത്രീകള്‍ക്ക് ഏത് സമയത്തും സ്വതന്ത്രമായി പോകാന്‍ കഴിയുന്ന ഒരിടമാകണം ശബരിമലയെന്നാണ് ഞങ്ങള്‍ മുന്നോട്ട് വച്ച ആശയമെന്നും പുന്നല പറഞ്ഞു.

ആര്‍ത്തവത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെടാതെ, സ്ത്രീകള്‍ക്കും വിശ്വാസ സമൂഹത്തിന്റെ ഭാഗമാകാന്‍ കഴിയുന്ന ഒരു വിധിയാണ് സുപ്രീംകോടതിയുടെത്. ആ വിധിയെ പരിഷ്‌കൃത സമൂഹം അതെ അര്‍ത്ഥത്തില്‍ കാണുകയും, സമാധാനത്തോടെ സ്ത്രീകള്‍ക്കും ശബരിമലയില്‍ കേറാന്‍ കഴിയുന്ന ഒരു സാമൂഹ്യ പരിസരം സൃഷ്ടിക്കുകയാണ് ചെയ്യേണ്ടതെന്നും അതിന് വേണ്ടിയുള്ള പരിശ്രമങ്ങളാണ് സമൂഹത്തില്‍ തുടരുന്നതെന്നും പുന്നല കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ സ്വതന്ത്രവും യുക്തിസഹവുമായി ചര്‍ച്ച നടത്തി യാഥാസ്ത്ഥിക സമൂഹത്തെ അതിനനുസരിച്ച് പരുവപ്പെടുത്താന്‍ കഴിയും. ബിന്ദുവും കനകദുര്‍ഗയും ശശികലയും ശബരിമല കയറി. എന്നാല്‍ ശശികല കയറിയതിന് പിന്നാലെ വലിയ പ്രതിഷേധങ്ങളുണ്ടായിട്ടില്ല. ഇങ്ങനെ പതുക്കെ മാറ്റങ്ങളുണ്ടാവുമെന്നാണ് വിശ്വസിക്കുന്നതെന്നും പുന്നല പറഞ്ഞു.

Exit mobile version