തിരുവനന്തപുരം: നാലുശതമാനം ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ വകുപ്പുകളില്‍ 292 തസ്തിക കണ്ടെത്തി. മന്ത്രി ഡോ. ആര്‍ ബിന്ദുവാണ് ഇക്കാര്യം പറഞ്ഞത്.
സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായി നിലവില്‍ കണ്ടെത്തിയ 971 തസ്തികകള്‍ക്ക് പുറമെയാണിതെന്നും മന്ത്രി പറഞ്ഞു. അതേസമയം, കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയിലെ നാല് ബഡ്‌സ് സ്‌കൂളുകള്‍ കൂടി സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കും.
കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 10 ബഡ്‌സ് സ്‌കൂളുകള്‍ പൂര്‍ണ്ണമായും സാമൂഹ്യനീതിവകുപ്പ് ഏറ്റെടുത്ത് കേരള സാമൂഹ്യ സുരക്ഷാമിഷന്‍ വഴി മാതൃകാ പുനരധിവാസ കേന്ദ്രങ്ങളായി ഉയര്‍ത്താനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നടപടിയെന്നും മന്ത്രി പറഞ്ഞു.
ഇതിനായി 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ മാതൃകാ ശിശു-പുനരധിവാസ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തിനായി വകയിരുത്തിയ ഫണ്ടില്‍ നിന്നും 1,86,15,804/ രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു.എന്‍മകജെ, പനത്തടി, ബദിയടുക്ക, കള്ളാര്‍ എന്നീ പഞ്ചായത്തുകളിലെ നാല് ബഡ്‌സ് സ്‌കൂളുകളാണ് ഏറ്റെടുക്കുന്നത്.