വയനാട്: മാനന്തവാടിയില്‍ കാട്ടാന ജീവന്‍ അപഹരിച്ച അജീഷിന്റെ കുടുംബത്തിന് 5 ലക്ഷം രൂപയുടെ അടിയന്തര ധനസഹായം നല്‍കുമെന്ന് ജില്ലാകളക്ടര്‍ ചര്‍ച്ചയില്‍ അറിയിച്ചെങ്കിലും തള്ളി ചര്‍ച്ചയ്‌ക്കെത്തിയ നാട്ടുകാര്‍. സബ്കളക്ടറുടെ ഓഫീസില്‍ മൂന്നുമണിക്കൂറായി നടക്കുന്ന സർവകക്ഷി യോഗം തീരുമാനമാകാതെ തുടരുന്നു. അതേസമയം, മരിച്ച അജീഷിന്റെ മൃതദേഹവുമായി നാട്ടുകാര്‍ ഇപ്പോഴും റോഡ് ഉപരോധിക്കുകയാണ്.
5 ലക്ഷം രൂപ നഷ്ടപരിഹാരം ഉടന്‍ നല്‍കാമെന്നും മരിച്ച അജിയുടെ കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി നല്‍കാമെന്നുമുള്ള കളക്ടറുടെ നിര്‍ദ്ദേശം ചര്‍ച്ചയ്ക്ക് എത്തിയവര്‍ തള്ളുകയായിരുന്നു. ആനയുടെ സാന്നിധ്യം രണ്ട് ദിവസം മുന്‍പ് തന്നെ വനംവകുപ്പ് വിശദീകരിച്ചിരുന്നുവെങ്കിലും നടപടികളെടുത്തിരുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. വനം വകുപ്പിന് കൃത്യമായി അറിവുണ്ടായിട്ടും ആനയെ ട്രാക്ക് ചെയ്യാനായി ഒന്നും ചെയ്തില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.
ഇന്ന് പുലര്‍ച്ചെ നാലര മണിയോടെയാണ് താന്നിക്കല്‍ മേഖലയില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാനയെ കണ്ടത്. 6:30 ഓടെ കുറുക്കന്മൂല ഭാഗത്തും 7 മണിയോടെയാണ് പടമലയിലുമെത്തി. ഇതിനിടെയാണ് കാട്ടാനയുടെ മുന്നില്‍ അജീഷ് എത്തിപ്പെട്ടതും മരണം സംഭവിച്ചതും. ആന ജനവാസമേഖലയില്‍ കയറിയതിന് ഒരു മുന്നറിയിപ്പോ അനൗസ്‌മെന്റോ വനം വകുപ്പ് നല്‍കിയില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
അതേസമയം, അജീഷിന്‍രെ ജീവനെടുത്ത കാട്ടാനയെ തിരിച്ചറിഞ്ഞു. ബേലൂര്‍ മക്ന എന്ന പേരിട്ടിരിക്കുന്ന ആനയാണ് ആക്രമണം നടത്തിയതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കര്‍ണാടക വനംവകുപ്പ് പിടികൂടി കഴുത്തില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് ബേലൂര്‍ മക്ന.