വയനാട്: പടമലയില്‍ കാട്ടാന ചവിട്ടിക്കൊന്ന അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം സഹായധനം നല്‍കുമെന്ന് സര്‍ക്കാര്‍. അജീഷിന്റെ ഭാര്യക്ക് സ്ഥിര ജോലി നല്‍കും. മക്കളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കുമെന്നും ചര്‍ച്ചില്‍ സര്‍ക്കാരിനായി ജില്ലാ കളക്ടര്‍ ഉറപ്പ് നല്‍കി.
നഷ്ടപപരിഹാര തുകയായ പത്ത് ലക്ഷം രൂപ തിങ്കളാഴ്ച അജീഷിന്റെ കുടുംബത്തിന് കെെമാറും. കുടുംബത്തിന് 50 ലക്ഷം രൂപ നൽകണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. ബാക്കി 40 ലക്ഷം രൂപ കെെമാറുന്നതുമായി ബന്ധപ്പെട്ട് സർക്കാറിലേക്ക് ശുപാർശ നൽകാനാണ് തീരുമാനം. പണം ലഭിക്കുന്നതിനായി പ്രദേശത്തെ ജനപ്രതിനിധികൾ പ്രയത്നിക്കുമെന്നും യോഗത്തിൽ ധാരണയായതായി തഹസിൽദാർ (ലാൻഡ് ട്രിബ്യൂണൽ) എം.ജെ. അഗസ്റ്റിൻ അറിയിച്ചു.
ഇതോടെ നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു. ആനയെ മയക്കുവെടിവെച്ച് മുത്തങ്ങയിലേക്ക് മാറ്റും. പരിശോധനയ്ക്ക് ശേഷം കാട്ടിലേക്ക് തുറന്നുവിടും.
പടമല സ്വദേശി അജീഷ് ആണ് രാവിലെ കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ടത്. രാവിലെ വീടിന്റെ മതില്‍ തകര്‍ത്ത് എത്തിയ കാട്ടാന ഭയന്നോടിയ അജീഷിനെ ചവിട്ടിക്കൊല്ലുകയായിരുന്നു. കര്‍ണാടക വനംവകുപ്പ് റേഡിയോ കോളര്‍ ഘടിപ്പിച്ച് വിട്ട ആനയാണ് ആക്രമണം നടത്തിയത്.
Discussion about this post